കോഴിക്കോട്: സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പരിസ്ഥിതി സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച 3500 മരുന്നു കവറുകൾ കോഴിക്കോട്ടെ മൂന്ന് പ്രധാന ആരോഗ്യ സ്ഥാപനങ്ങൾക്ക് സൗജന്യമായി കൈമാറി.
പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ കടലാസുകൊണ്ട് നിർമ്മിച്ച ഈ കവറുകൾ കോഴിക്കോട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കും മുഖദാർ ഹെൽത്ത് സെന്ററിനും ടി ബി ക്ലിനിക് ആരോഗ്യ കേന്ദ്രത്തിനുമാണ് കൈമാറിയത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുകൾ നൽകാനായി പേപ്പർ കവറുകളുടെ ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ ഈ ഇടപെടൽ ഏറെ ശ്രദ്ധേയമായി.
എൻ.എസ്.എസ്. യൂണിറ്റിന്റെ ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ സാമൂഹിക സേവനത്തിനുള്ള താൽപര്യവും, പാരിസ്ഥിതിക അവബോധവും വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. വിദ്യാർത്ഥികളുടെ ഈ പ്രവർത്തിയെ കോഴിക്കോട് പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികളും, മുഖദാർ ഹെൽത്ത് സെന്ററിലെയും ടി ബി ക്ലിനിക്കിലെയും അധികൃതരും ഏറെ അഭിനന്ദിച്ചു.
ഇത്തരം മാതൃകാപരമായ സാമൂഹിക സേവന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. പ്രിൻസിപ്പൽ ഇൻചാർജ് ഡൈന. കെ.ജോസഫ്, എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ ഫൈസൽ എം കെ, പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷഫ്ന എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.