Saturday, November 23, 2024
General

രണ്ടര വയസ്സുകാരിയുടെ മരണം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്


മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. അതിനിടെ, മുഹമ്മദ്‌ ഫായിസിനെതിരെ കടുത്ത ആരോപണവുമായി ബന്ദുക്കള്‍ രംഗത്തെത്തി. ഫായിസ് നിരന്തരം കുട്ടിയെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനത്തെ തുടർന്നായിരുന്നു എന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കുഞ്ഞ്‌ മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയിൽ രക്തം കെട്ടി കിടക്കുന്നുണ്ട്. മർദ്ദനമേറ്റപ്പോൾ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.

പിന്നാലെ പോലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന അമ്മ ഷഹാനത്തിന്‍റേയും ബന്ധുക്കളെടെയും പരാതി ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.


Reporter
the authorReporter

Leave a Reply