Saturday, November 23, 2024
Local News

നഗരത്തിലെ ഗതാഗത കുരുക്ക്: മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായി കമ്മീഷൻ


കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൻറെ തെക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന അസഹനീയമായ ഗതാഗത കുരുക്ക് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി മാറുകയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും വിഷയത്തിൽ നേരിട്ട് ഇടപെട്ട് കർശന നടപടികൾ സ്വീകരിച്ച് ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സമൂഹമാധ്യമ പ്ലാറ്റ് ഫോമുകൾ വഴിയും വ്യക്തികൾ നൽകുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വാഹന യാത്രക്കാരും, കാൽനട യാത്രക്കാരും, ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുമാണ് ഗതാഗത കുരുക്കിൻറെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പുഷ്പ ജംഗ്ക്ഷൻ, ചാലപ്പുറം, മിംസ് ആശുപത്രി പരിസരം,മാങ്കാവ്, അരയിടത്തുപാലം,കുതിരവട്ടം, പൊറ്റമ്മൽ തുടങ്ങിയ സ്ഥലങ്ങളിലാണ് മുന്നറിയിപ്പില്ലാത്ത ഗതാഗത കുരുക്ക് കാരണം ജനങ്ങൾ മണിക്കൂറുകളോളം റോഡിൽ അകപ്പെടുന്നത്. മുതിർന്നവരും കുട്ടികളും രോഗികളുമാണ് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നഗരത്തിലെ പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലാണ് കുരുക്ക് ക്ഷമ പരീക്ഷിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള പ്രധാന കവാടമാണ് ഇവിടം. വീതിയില്ലാത്ത റോഡുകളിലേക്ക് ഗതാഗതം വഴി തിരിച്ചു വിടുമ്പോൾ അവിടവും ഗതാഗത കുരുക്കിലാവും.ബസുകളും മറ്റും ഗതാഗത കുരുക്കിലാവുമ്പോൾ സ്ത്രീകൾക്ക് ഇരുട്ടു വീഴും മുമ്പേ വീട്ടിലെത്താൻ കഴിയാത്ത സാഹചര്യമുണ്ടെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

സമാധാനമായി ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സ്ഥിതിവിശേഷം ഇങ്ങനെ തുടരുകയാണെങ്കിൽ സാഹചര്യം നിയന്ത്രണാതീതമാകും. നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഗതാഗത കുരുക്ക് ഇല്ലാതാക്കാൻ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം സ്വീകരിച്ച നടപടികൾ കമ്മീഷനെ അറിയിക്കണം. ഈ മാസം 27ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.


Reporter
the authorReporter

Leave a Reply