തിരുവനന്തപുരം: പതിനായിരത്തിലധികം കുട്ടികളെത്തുന്ന കലോത്സവവേദിയിലെ സേവനം ബഹിഷ്‌കരിച്ച് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. സഹകരിക്കില്ലെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ ഡി.എം.ഒയ്ക്ക് കത്ത് നല്‍കി.
ആര്യനാട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ആയിരുന്ന ഡോക്ടര്‍ ഡി നെല്‍സണെ സ്വകാര്യ പ്രാക്ടീസ് നടത്തി എന്ന പേരില്‍ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മൂന്നു മാസത്തിലേറെയായി ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലാണ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ഇതിന്റെ തുടര്‍ച്ചയായി ആണ് കലോത്സവ ഡ്യൂട്ടിയും ബഹിഷ്‌കരിച്ചത്.
ഓരോ വേദിയിലും ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ഉണ്ടാകേണ്ടതാണ്.
അതേസമയം, 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എം.ടിയുടെ നാമഥേയത്തിലുള്ള നിളയില്‍ 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലുള്ള കൊടിമരത്തില്‍ രാവിലെ പൊതു വിദ്യഭ്യാസ ഡയറക്ടര്‍ എ. ഷാനവാസ് പതാക ഉയര്‍ത്തുന്നതോടെ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. തുടര്‍ന്ന് കലാമണ്ഡലം അണിയിച്ചൊരുക്കിയ അവതരണശില്‍പത്തോടെയാണ് വേദികള്‍ ഉണരുക. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നേര്‍സാക്ഷ്യങ്ങളുമായെത്തുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സംഘനൃത്തവും അവതരിപ്പിക്കും.
നദികളുടെ പേരിട്ട 25 വേദികളിലേക്ക് 14 ജില്ലകളില്‍നിന്നായി പതിനായിരത്തിനു മുകളില്‍ പ്രതിഭകളാണ് തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനെത്തുന്നത്. വേദികളില്‍ തിരശീല ഉയരുന്നതോടെ തിരുവനന്തപുരം ഇനി അഞ്ചുനാള്‍ കലയുടെ കൂടി തലസ്ഥാനമാകും.മുഖ്യമന്ത്രി രാവിലെ പത്തു മണിക്ക് തിരികൊളുത്തുന്നതോടെ നഗരത്തില്‍ പലയിടങ്ങളിലായി ഒരുക്കിയ 24 വേദികള്‍ കലയാല്‍ സജീവമാകും. അവതരണ ശില്‍പത്തില്‍ ചരിത്രത്തിലാധ്യമായി ഗോത്രവിദ്യാര്‍ഥികളും ചുവടുവയ്ക്കും. ഉദ്ഘാടന ചടങ്ങില്‍ ഒമ്പതര മിനിറ്റ് നീളുന്നതാണ് കേരളീയ കലകളെല്ലാം സമന്വയിപ്പിച്ചുള്ള രംഗ ശില്‍പം. 42 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.