Latest

ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികൾ സർക്കാർ യാഥാർത്ഥ്യമാക്കി- മുഖ്യമന്ത്രി പിണറായി വിജയൻ


ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കോഴിക്കോട്:ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പല പദ്ധതികളും ഒമ്പത് വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയത് 50 വർഷം കൊണ്ട് പോലും നടപ്പിലാക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ പദ്ധതികളാണ് പ്രതിസന്ധികൾ തരണം ചെയ്ത് സർക്കാർ നടപ്പിലാക്കി വരുന്നത്. അതിൽ പ്രധാനപ്പെട്ട പദ്ധതിയാണ് ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയെന്ന് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ആനക്കാംപൊയിൽ സെൻ്റ് മേരിസ് സ്കൂൾ ഗ്രൗണ്ടിൽ നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജനതയുടെ ദീർഘകാല സ്വപ്നസാഫല്യത്തിനാണ് വേദിയൊരുങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്ത് ഒന്നാമതും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 10 തുറമുഖങ്ങളിൽ ഒന്നുമാണ്. കിഫ്ബി വഴി നടപ്പാക്കിയ വിഴിഞ്ഞം തുറമുഖം നിശ്ചയിച്ചതിലും മുന്നേ കമ്മീഷൻ ചെയ്യാനായി. ഗെയിൽ വാതക പൈപ് ലൈൻ, പെരുമൺ പവർ ഹൈവേ, ദേശീയപാത, ജലപാത തുടങ്ങിയ പദ്ധതികളും വിവിധങ്ങളായ പ്രതിസന്ധികൾ തരണം ചെയ്താണ് സർക്കാർ നടപ്പിലാക്കിയതും നടപ്പാക്കി വരുന്നതും.

2016-ൽ ഭരണത്തിലെത്തുമ്പോൾ ഖജനാവിൻ്റെ ശേഷിക്കുറവ് പല പദ്ധതികൾക്കും പ്രതിസന്ധി സൃഷ്ടിച്ചു. കിഫ്ബി വഴി ധനസ്രോതസ് പുനരുജ്ജീവിപ്പിച്ച് അഞ്ച് വർഷം കൊണ്ട് 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കായാണ് പ്രവർത്തിച്ചത്. എന്നാൽ 2021-ൽ 62,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കൈവരിച്ചത്. നിലവിൽ 90,000 കോടി രൂപയുടെ വികസന പദ്ധതികളും കിഫ്ബി വഴി നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി അനുവദിച്ച 5600 കോടി രൂപ വായ്പയായി നൽകണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. കിഫ്ബി വഴി എടുക്കുന്ന വായ്പ സംസ്ഥാനത്തിൻ്റെ വായ്പയായി കണക്കാക്കുമെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തു. സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതവും വായ്പാ പരിധിയുമാണ് കേന്ദ്രം നിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വായ്പാ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തിൻ്റെ വികസനത്തിന് ചെലവിടേണ്ടതായ തുകയാണ് കേന്ദ്രം നിഷേധിക്കുന്നത്.

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയില്ലാതെ കൊടുത്തു തീർക്കാനായി. 60 ലക്ഷം പേർക്കാണ് 1600 രൂപ വീതം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുരങ്കപാത യാഥാർഥ്യമാകുന്നതിലൂടെ വാണിജ്യ, കാർഷിക, വിനോദ സഞ്ചാര മേഖലകൾക്ക് വലിയ കുതിപ്പുണ്ടാകും. ചരിത്രപരമായും പാരിസ്ഥിതികമായും സംരക്ഷിക്കപ്പെടേണ്ട മേഖലയാണ് വയനാട്. ജനങ്ങളുടെ ജീവിതവും ജീവനോപാദികളും സംരക്ഷിക്കപ്പെടണം. ഭൂമിയിലെ വിഭവങ്ങൾ മെച്ചപ്പെട്ട നിലയിൽ വരും തലമുറയ്ക്ക് കൈമാറുക എന്ന സുസ്ഥിര വികസന മാതൃകയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കാർഷിക, ടൂറിസം മേഖലകൾക്ക് പുത്തനുണർവുണ്ടാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കാലങ്ങളായി ജനങ്ങൾ ആഗ്രഹിച്ച പദ്ധതി പൂർത്തിയാവുന്നതോടെ രാജ്യത്തിന്റെ പശ്ചാത്തല വികസന മേഖലക്കാകെ വലിയ പ്രതീക്ഷയാകുമെന്നും കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ പൂർത്തിയായ വികസന പദ്ധതികൾ ജനജീവിതത്തിൽ ഗുണകരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിസന്ധികൾ ഉണ്ടായപ്പോഴും സർക്കാർ തുരങ്കപാത പദ്ധതി യാഥാർത്ഥ്യമാക്കി മാറ്റിയെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന പദ്ധതി തറക്കല്ലിട്ട് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാക്കി മാറ്റുകയല്ല സർക്കാർ ചെയ്തതെന്നും 6000 കോടി രൂപ മുടക്കി വിഴിഞ്ഞം പദ്ധതിയും ദേശീയ പാതയുടെ നിർമ്മാണവുമെല്ലാം സർക്കാരിൻ്റെ വികസന കാഴ്ചപ്പാടിൻ്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. വികസന പദ്ധതികൾക്കായി കടമെടുക്കുന്നതിൻ്റെ പരിധിയിൽ കേന്ദ്രം കുറവ് വരുത്തിയിട്ടും കിഫ്ബി സഹായത്തോടെ വലിയ വികസനം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. വയനാട് പുനരധിവാസത്തിനായി ബജറ്റിൽ 750 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, പട്ടികജാതി- പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവർ മുഖ്യാതിഥികളായി. എം എൽ എമാരായ ലിന്റോ ജോസഫ്, ടി സിദ്ധീഖ്, പി ടി എ റഹീം, മുൻ എംഎൽഎമാരായ ജോർജ് എം തോമസ്, സി കെ ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം അഷ്‌റഫ്‌, മുക്കം നഗരസഭ ചെയർപേഴ്സൺ പി ടി ബാബു, പഞ്ചായത്ത് പ്രസിഡന്റ്മാരായ ബിന്ദു ജോൺസൺ (തിരുവമ്പാടി), കെ ബാബു (മേപ്പാടി) അലക്സ്‌ തോമസ് ചെമ്പകശ്ശേരി (കോടഞ്ചേരി), ആദർശ് ജോസഫ് (കൂടരഞ്ഞി), നജ്മുന്നീസ ഷെരീഫ് (പുതുപ്പാടി), സുനിത രാജൻ (കാരശ്ശേരി), ദിവ്യ ഷിബു (കൊടിയത്തൂർ), ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കെ.ആർ.സി.എൽ ഡെപ്യൂട്ടി സി ഇ ഒ ബിരേന്ദ്രകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ആനക്കാംപൊയിൽ നിന്നാരംഭിച്ച് ഉദ്ഘാടന വേദിയിൽ എത്തിച്ചേർന്ന വർണാഭമായ ഘോഷയാത്രയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നൽകി. ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്.

തുരങ്കപാത നാല് വർഷം കൊണ്ട് പൂർത്തിയാകും

വയനാട്- കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽനിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. നാല് വർഷം കൊണ്ട് പദ്ധതി പൂർത്തിയാവും. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്. 2134. 5 കോടി രൂപയാണ് പദ്ധതി ചെലവ്.


Reporter
the authorReporter

Leave a Reply