തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് കോടികള്‍. 2908.77 കോടി രൂപ സപ്ലൈകോയ്ക്ക് ഇനിയും കിട്ടാനുണ്ട്. 2024 ജൂലൈ 31 വരെയുള്ള സപ്ലൈകോയുടെ ബാധ്യതാ 2490 കോടി രൂപയാണ്. കിട്ടാനുള്ള തുകയുടെ മൂന്നിലൊന്നെങ്കിലും കിട്ടിയാലേ സപ്ലൈകോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ.
ഭക്ഷ്യപൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, റവന്യൂ, ഫിഷറീസ്- തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നാണ് കോടിക്കണക്കിനു തുക സപ്ലൈകോക്ക് കിട്ടാനുള്ളത്. ഇതില്‍ തന്നെ 2748.46 കോടി രൂപ സിവില്‍ സ്‌പ്ലൈസ് വകുപ്പിന് നല്‍കാനുള്ളതാണ്. ഇതില്‍ 1300 കോടിയോളം രൂപ വിപണിഇടപെടലിനായി സപ്ലൈകോ ചെലവഴിച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 125.58 കോടിയും റവന്യൂ വകുപ്പില്‍ നിന്ന് 11.17 കോടിയും ഫിഷറീസ് തദ്ദേശ വകുപ്പില്‍ നിന്ന് 18 കോടിയും ലഭിക്കാനുണ്ട്. വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തതില്‍ നിന്നുള്ള ബാധ്യത 2490 കോടിയുമാണ്. ഇത് തിരിച്ചടക്കാനും സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല.
ധനവകുപ്പ് അവഗണ കാണിക്കുന്നില്ലെന്ന് മന്ത്രി അനില്‍ പറയുന്നുണ്ടെങ്കിലും വകുപ്പില്‍ നിന്ന് അര്‍ഹമായ പണം കിട്ടുന്നില്ല. പൊതുവിതരണ വകുപ്പിന് ധനവകുപ്പ് നല്‍കാനുളള കാഷ് നല്‍കിയാലേ ഇനി സപ്ലൈകോയുടെ പ്രതിസന്ധി നീങ്ങുകയുള്ളൂ..