ദില്ലി: മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ചെറുത്തുനില്പിൻറെ സന്ദേശം നൽകിക്കൊണ്ട് പാർലമെൻറിൽ എത്തിയിരുന്നു. എന്നാൽ ലോക്സഭയിൽ എത്തിയിരുന്നില്ല.
ഗുജറാത്തിലെ വിചാരണ കോടതി വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ കേന്ദ്രത്തിൻറെ വേട്ടയാടൽ ആരോപിക്കുകയാണ് കോൺഗ്രസ്. കേസ് നടത്തിപ്പിൽ പാളിച്ചയുണ്ടായെന്ന വിലയിരുത്തൽ പാർട്ടിയിലുണ്ട്. കേന്ദ്ര നീക്കം പ്രതിപക്ഷത്തെ പ്രധാന മുഖമായി രാഹുലിനെ മാറ്റുന്നുണ്ട്. രാഹുലിൻറെ പാർലമെൻറ് അംഗത്വം നഷ്ടമാകുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. നിയമവഴിയിലൂടെ ഇപ്പോഴത്തെ പ്രതിസന്ധിയെ ചെറുക്കാൻ മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള അഭിഭാഷക സംഘത്തെ രംഗത്തിറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സൂറത്തിലെ സെഷൻസ് കോടതിയിലായിരിക്കും ആദ്യം അപ്പീൽ നൽകുക. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായി എന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകാനാണ് തീരുമാനം.
കുറ്റക്കാരൻ എന്ന വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരുകയും വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യും. അതിനാൽ സെഷൻസ് കോടതി അപേക്ഷ അംഗീകരിച്ചില്ലെങ്കിൽ നേരിട്ട് സുപ്രീംകോടതിയിലെത്താനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്ത് നേതാക്കളെ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് കോൺഗ്രസ് ഉൾപ്പടെ 14 പാർട്ടികൾ ഇന്ന് സുപ്രീംകോടതിയിൽ ഹർജി നല്കിയതും ഇപ്പോഴത്തെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ്. അടുത്തമാസം അഞ്ചിന് ഈ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. എന്നാൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സമാന നീക്കം കൊണ്ട് ഇപ്പോൾ കാര്യമില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ