GeneralLatest

ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട എഎസ്പി


എസ്പിയായി സ്ഥാനക്കയറ്റം കിട്ടാത്തതിന്‍റെ നീരസത്തിൽ ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട അഡീഷണൽ എസ്പി ആർ. പ്രദീപ്കുമാർ. ജില്ലാ പൊലീസ് മേധാവി ഒരുക്കിയ യാത്രയപ്പ് ബഹിഷ്കരിച്ച അഡീഷണൽ എസ്പി നാളെ പൊലീസ് അസോസിയേഷൻ നടത്തുന്ന യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കുന്നില്ല. പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി വിരമിക്കുന്ന പൊലീസുകാർക്ക് ബുധനാഴ്ച ഔദ്യോഗിക യാത്രയയപ്പ് നൽകുന്നുണ്ട്. സിഐമാരടക്കം ജില്ലയിൽ നിന്ന് ഈ മാസം വിരമിക്കുന്ന എല്ലാവരുടെയും ചിത്രം പരിപാടിയുടെ നോട്ടീസിലുണ്ട്.

നോട്ടീസിൽ ഏറ്റവും മുകളിലായി സ്ഥാനംപിടിക്കേണ്ടത്, ഇക്കൂട്ടത്തിൽ വിരമിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനായ അഡീ. എസ്പി ആർ. പ്രദീപ്കുമാറിന്‍റെ ചിത്രമാണ്. എന്നാൽ തനിക്ക് യാത്രയപ്പ് വേണ്ടെന്ന് അസോസിയേഷൻ ഭാരവാഹികളെ പ്രദീപ്കുമാർ അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 17 ന് ജില്ലാ പൊലീസ് മേധാവി വി. അജിത്തും യാത്രയപ്പ് ചടങ്ങ് ഒരുക്കിയിരുന്നു. അതിലും പ്രദീപ്കുമാർ പങ്കെടുത്തില്ല. 1996 ൽ സർവീസിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലം പെരുംങ്കുളം സ്വദേശിയായ പ്രദീപ്കുമാർ. ഒപ്പമുള്ളവർക്കെല്ലാം കൺഫേ‍ഡ് ഐപിഎസ് ലഭിച്ചു.

പത്തനംതിട്ടയിൽ എസ്പിയായി വന്ന വി. അജിത്തും പ്രദീപ്കുമാറും ഒരേ ബാച്ചിലെ ഉദ്യോഗസ്ഥരാണ്. സർക്കാരിന് കഴിയുമായിരുന്നിട്ടും സ്ഥാനക്കയറ്റം നൽകിയില്ലെന്ന നീരസ്സം പ്രദീപ്കുമാ‍ർ സഹപ്രവർത്തരോട് പങ്കുവെച്ചതായാണ് വിവരം. യാത്രയയപ്പ് വേണ്ടെന്ന് വെച്ചത് സ്ഥാനക്കയറ്റം ലഭിക്കാത്തതിലെ നീരസ്സം കൊണ്ടല്ലേ എന്ന് നേരിട്ട് അന്വേഷിച്ചപ്പോൾ അഡീ. എസ്പി അത് നിഷേധിച്ചില്ല.


Reporter
the authorReporter

Leave a Reply