പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കോടതി പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയാണെങ്കില്‍ ഇന്ന് ഉച്ചയോടെ തന്നെ തെളിവെടുപ്പ് നടക്കും. രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയില്‍ ആയിരിക്കും നെന്മാറ പോത്തുണ്ടിയില്‍ വച്ച് തെളിവെടുപ്പ് നടക്കുക.
കൃത്യമായ ആസൂത്രണത്തിലൂടെ പ്രതി നടപ്പാക്കിയ കൊലപാതകമെന്ന് തെളിയിക്കാന്‍ പുനരാവിഷ്‌ക്കരണം അടക്കം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ നാട്ടുകാരുടെ പ്രതിഷേധം വെല്ലുവിളിയായേക്കും. കഴിഞ്ഞ ദിവസം ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധക്കാര്‍ മതില്‍ തകര്‍ക്കുകയും ഗേറ്റ് അടര്‍ത്തി മാറ്റുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പിഡിപിപി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രതിഷേധം തണുത്തശേഷം തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ഉന്നത തലത്തില്‍ നിന്നുള്ള നിര്‍ദേശം.
കഴിഞ്ഞ മാസമാണ് കേരളത്തെയാകെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതകം നടന്നത്. 2019 ആഗസ്റ്റ് 31ന് സജിതയെന്ന അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയുടെ ഭാര്യ പിരിഞ്ഞ് പോകാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കടുത്ത അന്ധവിശ്വാസിയായ ചെന്താമര, നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി പറഞ്ഞതിന് പിന്നാലെയാണ് സജിതയെ സംശയിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാകരന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.