General

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

Nano News

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. എസ്.ഐ.ടി അന്വേഷണം കാര്യക്ഷമമല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് നീക്കം. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

പി.പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു നവീന്‍ ബാബുവിന്റെ കുടുംബം. ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ തെളിവുകള്‍ പ്രതിഭാഗത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന പൂര്‍ണ വിശ്വാസത്തിലായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരന്‍ പ്രവീണ്‍ ബാബുവും. കൈക്കൂലി നല്‍കുന്നതിന്റെ തെളിവുകള്‍ ഇല്ലെന്നും സാഹചര്യത്തെളിവുകള്‍ മാത്രമേ ഉള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ദിവ്യയ്‌ക്കെതിരേ അച്ചടക്ക നടപടി എടുക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പൂര്‍ണമായും നിയമനടപടികളില്‍ മാത്രമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു അറിയിച്ചിരുന്നത്.

അതേസമയം, തഹസില്‍ദാറുടെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ അപേക്ഷ നല്‍കി. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് ജോലി മാറ്റി നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply