General

‘മദ്യപിച്ച് വാഹനമോടിക്കരുത്’ എന്ന ബാനറുമായി യുവാവിനോട് ട്രാഫിക് ജംഗ്ഷനിൽ നിൽക്കാൻ ഉത്തരവിട്ട് മുംബൈ ഹൈക്കോടതി

Nano News

മദ്യപിച്ച് അപകടകരമായ രീതിയില്‍ കാറോടിച്ചതിന് മുംബൈ പോലീസ് പിടിച്ച 32 -കാരന് മുംബൈ ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. പക്ഷേ, അസാധാരണമായ ഒരു ഉത്തരവോടെയായിരുന്നു ആ ജാമ്യം. മെട്രോപോളിസിലെ തിരക്കേറിയ ഒരു ട്രാഫിക് സിഗ്നലിൽ ഒരു ബാനർ പിടിച്ച് നിൽക്കണം. അതും മൂന്ന് മാസത്തിലെ എല്ലാ വാരാന്ത്യത്തിലും ഇത്തരത്തില്‍ നില്‍ക്കണം. ബാനറില്‍ ‘മദ്യപിച്ച് വാഹനം ഓടിക്കരുത്’ എന്ന് എഴുതിയിരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ജസ്റ്റിസ് മിലിന്ദ് ജാദവിന്‍റെ സിംഗിൾ ബെഞ്ചാണ് സബ്യസാചി ദേവ്പ്രിയ നിഷാങ്കിന് ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിച്ച് കൊണ്ട് ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. ഒരു സ്വകാര്യ കമ്പനിയിൽ ഉയർന്ന സ്ഥാനത്ത് ജോലി ചെയ്യുന്ന നിഷാങ്കിനെ 2024 നവംബറിലാണ് മദ്യപിച്ച് അപകടകരമായ നിലയിൽ കാർ ഓടിച്ചതിനും രണ്ട് പോലീസ് പോസ്റ്റുകളിൽ വാഹനം ഇടിച്ചതിനും അറസ്റ്റ് ചെയ്തത്. ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിൽ നിന്ന് എംബിഎ നേടിയ നിഷാങ്ക് ‘മാന്യമായ’ ഒരു കുടുംബത്തിൽ നിന്നുള്ളയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. അതിനാല്‍ കൂടുതൽ തടവ് ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

ജാമ്യം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഒന്നായിട്ടാണ് കോടതി നിഷാങ്കിനോട് സമൂഹ സേവനം നടത്താൻ ഉത്തരവിട്ടത്. മധ്യ മുംബൈയിലെ വോർലി നാക ജംഗ്ഷനിൽ സിഗ്നൽ കൈകാര്യം ചെയ്യുന്ന ട്രാഫിക് ഓഫീസറുടെ അടുത്ത് തന്നെ നിഷാങ്കിനോട് നില്‍ക്കാന്‍ ആവശ്യപ്പെട്ട കോടതി, മൂന്ന് മാസത്തേക്ക് എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും മൂന്ന് മണിക്കൂർ റോഡിന് അഭിമുഖമായി ഫുട്പാത്തിൽ നിന്നും വ്യക്തമായി കാണാവുന്ന സ്ഥലത്ത് നിൽക്കാനും ആവശ്യപ്പെട്ടു. 4 അടി X 3 അടി വലിപ്പമുള്ള വെള്ള ഫ്ലെക്സ് ബാനറിൽ കറുത്ത അക്ഷരത്തില്‍ ‘മദ്യപിച്ച് വാഹനം ഓടിക്കരുത്’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കണമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റെ ദോഷങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനാണ് ഇതെന്നും കോടതി കൂട്ടിച്ചേർത്തു.


Reporter
the authorReporter

Leave a Reply