Saturday, November 23, 2024
GeneralLocal News

ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്


കണ്ണൂര്‍: നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ഏറെ നാളായി പേര്യ ചുരം റോഡില്‍ പുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. നിലവിലുള്ള റോഡിലെ മണ്ണ് ഉള്‍പ്പെടെ നീക്കം ചെയ്ത് വലിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്. ചുരത്തിലെ പലയിടത്തും സോയിൽ പൈപ്പിങ് ഉണ്ടായതിനെ തുടര്‍ന്നാണ് പുനര്‍ നിര്‍മാണം. പേര്യ ചുരം റോഡ് അടച്ചതിനെ തുടര്‍ന്ന് നിലവില്‍ കണ്ണൂര്‍ ഭാഗത്തുനിന്നും വയനാട്ടിലേക്ക് കൊട്ടിയൂര്‍ പാല്‍ചുരം വഴിയാണ് വാഹനങ്ങള്‍ പോകുന്നത്. വയനാട് മാനന്തവാടി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകാനുള്ള രണ്ട് ചുരം പാതകളാണ് പാല്‍ചുരവും പേര്യ ചുരവും.


Reporter
the authorReporter

Leave a Reply