കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ 48 മീറ്റർ വീതിയിലും 110 മീറ്റർ നീളത്തിലും ആകാശലോബി ഒരുങ്ങും. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വീതികൂടിയ ആകാശലോബിയായിരിക്കും ഇത്. റെയിൽ വേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റുന്ന രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
സ്റ്റേഷൻ കെട്ടിടത്തിന്റെ കിഴക്ക്പടിഞ്ഞാറ് ഭാഗങ്ങളിൽ നിർമിക്കുന്ന ബഹുനില വാഹന പാർക്കിങ് കോംപ്ലക്സുകളെയും റെയിൽവേ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കും വിധത്തിലാണ് ആകാശലോബി നിർമിക്കുക. വായുവും വെളിച്ചവും കടന്നുവരാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് ഇവ രൂപകൽപന ചെയ്തിട്ടുള്ളത്. തറനിരപ്പിൽനിന്ന് എട്ടുമീറ്റർ ഉയരത്തിൽ നിർമിക്കുന്ന ലോബിയിൽ വാണിജ്യ വിനോദ കേന്ദ്രങ്ങളും ഉണ്ടാവും.
നിലവിലുള്ള നാല് ട്രാക്കിനും ഇതിനുപുറമേ ഭാവിയിൽ നിർമിക്കുന്ന രണ്ട് ട്രാക്കിനുമുൾപ്പെടെ കണക്കാക്കിയാണ് ആകാശലോബി നിർമിക്കുന്നത്. പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ചവിട്ടുപടികളും എസ്കലേറ്ററുകളും ലിഫ്റ്റും ലോബിയോട് ചേർന്നുനിർമിക്കും. പ്ലാറ്റ് ഫോമിന്റെ മധ്യഭാഗത്തായിരിക്കും ആകാശലോബി ഒരുങ്ങുക.
വിമാനത്താവളങ്ങൾക്ക് സമാനമായ രീതിയിൽ വിശാലമായ കാത്തിരിപ്പുകേന്ദ്രമായാണ് ആകാശലോബിയെ (എയർ കോൺകോഴ്സ്) മാറ്റാനുദ്ദേശിക്കുന്നത്. ഗെയിം സോൺ, ഗിഫ്റ്റ് ഷോപ്, പുസ്തകശാലകൾ, ഡിപ്പാർട്ട്മെന്റൽ ഷോപ്, റീട്ടെയിൽ ഷോപ് എന്നിവയെല്ലാം ലോബിയിലുൾപ്പെടുത്തും.
2027ൽ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നതോടൊപ്പം ആകാശലോബിയും യാഥാർഥ്യമാവും. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേഷന്റെ പ്രധാനപ്പെട്ട കെട്ടിടം കഴിഞ്ഞ ആഴ്ച പൊളിക്കാൻ തുടങ്ങിയിരുന്നു. ക്വാട്ടേഴ്സും മറ്റും പൊളിച്ച് പുതിയ വ്യാപാര സമുച്ചയമടക്കം നിർമിക്കുന്ന പ്രവർത്തിയും പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് ഫ്രാൻസിസ് റോഡിനെയും വലിയങ്ങാടിയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പണി ഏറക്കുറെ പൂർത്തിയായി. നവീകരണം പൂർത്തിയാകുന്നതോടെ റെയിൽവേ സ്റ്റേഷനിലേക്ക് കിഴക്കു- പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് ഒരു പോലെ കയറാനാവും.