Sunday, November 24, 2024
Local News

നടുവട്ടം ഗോഡൗണിലെ സുരക്ഷാവീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


കോഴിക്കോട്: മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും വിതരണത്തിനായി ധാന്യങ്ങൾ സൂക്ഷിക്കുന്ന നടുവട്ടം ഗോഡൗണിൽ സുരക്ഷഭീഷണിയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സപ്ലൈ കോ റീജിയണൽ മാനേജർക്ക് നോട്ടീസയച്ചു.

ഒരാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബർ 29 ന് വെസ്റ്റ് ഹിൽ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഗോഡൗണിലേക്കുള്ള പ്രധാന ഗേറ്റ് തകർന്ന നിലയിലാണെന്നാണ് പരാതി. ലക്ഷങ്ങൾ വിലയുള്ള ധാന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിന്റെ മേൽക്കൂരയിൽ സമീപത്തെ വൃക്ഷത്തിന്റെ ശിഖരങ്ങൾ ചാഞ്ഞ് കിടക്കുന്നു. മേൽക്കൂരയിലെ ടിൻ ഷീറ്റ് ദ്രവിച്ചതിനാൽ മഴവെള്ളം കെട്ടിടത്തിനുള്ളിലേക്ക് പതിച്ച് ഭക്ഷ്യധാന്യങ്ങൾ കേടാകാൻ സാധ്യതയുണ്ട്. കെട്ടിട വളപ്പിൽ വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്.ഗോഡൌണിന് സമീപമുള്ള മരം ഏതു സമയത്തും കെട്ടിടത്തിലേക്കോ വൈദ്യുതി ലൈനിലേക്കോ വീഴാൻ സാധ്യതയുണ്ട്.

മരങ്ങൾ മേൽക്കൂരയിൽ വീണാൽ ഷീറ്റ് തകർന്ന് വെള്ളം കെട്ടിടത്തിനുള്ളിൽ പതിക്കും. കെട്ടിട വളപ്പിൽ ഭീഷണിയുയർത്തുന്ന മരങ്ങൾ മുറിക്കാൻ വനം വകുപ്പ് അനുമതി നൽകിയെങ്കിലും ഉടമസ്ഥാവകാശത്തെയും ധനവിനിയോഗത്തെയും കുറിച്ചുള്ള തർക്കം കാരണം നടന്നിട്ടില്ലെന്നും പരാതിയിലുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


Reporter
the authorReporter

Leave a Reply