തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 2024 ലെ തുലാവർഷം പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2023 ലെ തുലാവർഷം കഴിഞ്ഞ ജനുവരി 14 നാണ് വിടവാങ്ങിയിരുന്നത്. അതേസമയം, കിഴക്കൻ കാറ്റിന്റെ സ്വാധീനത്താൽ ഈ മാസം 31 ന് കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഫെബ്രുവരി ആദ്യ ദിവസങ്ങളിലും മഴ സാധ്യത.
വ്യാഴാഴ്ചയോടെ മഴയുണ്ടായേക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. വ്യാഴാഴ്ച രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
അതിനിടെ, കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടിയ ചൂട് കണ്ണൂരിൽ രേഖപ്പെടുത്തി. കണ്ണൂർ വിമാനത്തിൽ രേഖപ്പെടുത്തിയ 38.2 ഡിഗ്രി ചൂട് ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂടായിരുന്നു. ഈ മാസം മഴ മാറിനിന്നതോടെ സംസ്ഥാനം ചൂടിൽ വെന്തുരുകുകയാണ്.