climatLatest

മഴ കനക്കുന്നു; ഇന്ന് മുതൽ 17 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും, വിവിധ ജില്ലകളിൽ യെല്ലോ അല‍ർട്ട്

Nano News

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അല‍ർട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (14/10/2025) വൈകുന്നേരം 05.30 മുതൽ 16/10/2025 രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.


Reporter
the authorReporter

Leave a Reply