മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം മോഷ്ടിക്കാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഹനീഫ, രാഹുല്‍, ഖലീഫ, അന്‍സല്‍, ജിജില്‍ എന്നിവരാണ് കരിപ്പൂര്‍ വിമാനത്താവള പരിസരത്തുവച്ച് പൊലിസിന്റെ പിടിയിലായത്.
കുവൈറ്റില്‍ നിന്നുമെത്തിയ പന്നിയൂര്‍കുളം സ്വദേശി അമലിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ ഈ സംഘം പദ്ധതിയിട്ടത്. അമലിന്റെ പഴയ സുഹൃത്ത് കൂടിയായ രാഹുലാണ് അമലിനെ കാറില്‍ കയറ്റാന്‍ ശ്രമിച്ചിരുന്നത്. ഇതു കണ്ട് സംശയം തോന്നിയ പൊലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വര്‍ണ്ണ കവര്‍ച്ചയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് മനസ്സിലായത്.
നാട്ടിലേക്ക് വരുമ്പോള്‍ താന്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുമെന്ന് അമല്‍ രാഹുലിനോട് പറഞ്ഞിരുന്നു. ഇതു രാഹുല്‍ മറ്റു നാലുപേരോടും പറയുകയായിരുന്നു. തുടര്‍ന്നാണ് സംഘം സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ അമലിന്റെ പക്കല്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാഹുലിന്റെ പേരില്‍ രണ്ട് വാഹനമോഷണ കേസുകളുണ്ടെന്നും ജിജില്‍ ലഹരിക്കടത്തു കേസില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.