മലപ്പുറം: പി എസ് സി. റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ഭിന്നശേഷിക്കാരിക്ക് അർഹപ്പെട്ട ജോലി നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മലപ്പുറം ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കാടാമ്പുഴ സ്വദേശിനിയായ കാഴ്ചയില്ലാത്ത മകൾക്ക് വേണ്ടി അമ്മ ആമിന 8 വർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.. എം ഫിൽ ബിരുദധാരിയായ മകൾ സംസ്ഥാന ആസൂത്രണ ബോർഡിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പി.എസ്. സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയിരുന്നു എന്നാൽ തസ്തികയുടെ നോട്ടിഫിക്കേഷൻ വന്ന ശേഷമാണ് പ്രസ്തുത തസ്തിക ഭിന്നശേഷികാർക്കായി മാറ്റിയതെന്ന വാദം നിരത്തി ജോലി നിഷേധിച്ചു.
കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ഉണ്ടായിട്ടും ജോലി ലഭിച്ചില്ല. നിലവിൽ പി.എസ്.സിവഴി ലഭിച്ച മറ്റൊരു തസ്തികയിൽ യുവതി ജോലി ചെയ്യുകയാണ്. ദ്യശ്യ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്