ചണ്ഡിഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. സിപിഐ പാർട്ടി കോൺഗ്രസാണ് രാജയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തത്. സെക്രട്ടറിയേററ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്ക് മാത്രം ഇളവ് നൽകാൻ നിർവാഹക സമിതി യോഗം തീരുമാനിക്കുകയായിരുന്നു. 2019 ൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുധാകർ റെഡ്ഢി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഡി രാജയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വിജയവാഡ പാർട്ടി കോൺഗ്രസിലും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദളിത് നേതാവാണ് രാജ. തമിഴ് നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിത്തത്തൂർ സ്വദേശിയായ രാജ സർക്കാർ ജോലി പോലും വേണ്ടെന്ന് വെച്ചാണ് പൊതുപ്രർത്തന രംഗത്ത് സജീവമായത്. അച്ഛൻ പി ദൊരൈസാമിയും അമ്മ നായഗവും കർഷകത്തൊഴിലാളികളായിരുന്നു. ചിത്താത്തൂർ പാലാർ നദിക്കരയിലെ കൊച്ചു കുടിലിൽ നിന്നാണ് രാജ പാർട്ടിയുടെ തലപ്പെത്തുന്നത്. ജീവിത പ്രയാസങ്ങളും പ്രദേശത്തെ നീതി നിഷേധങ്ങളോടും രാജ പോരാടി. അനീതിക്കെതിരെ നിരന്തരം പോരാട്ടം നയിച്ചുകൊണ്ടാണ് ഡി രാജയെന്ന ദുരൈസ്വാമി രാജ വളർന്നത്. ബി എസ് സി ബിരുദവും ബിഎഡും പൂർത്തിയാക്കി. കോളെജ് പഠനകാലത്ത് എഐഎസ്എഫിൽ അംഗമായ രാജ 1975 മുതൽ 1980 എഐവൈഎഫിന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി. 1985 മുതൽ 1990 എഐവൈഎഫ് ദേശിയ ജനറൽ സെക്രട്ടറിയായിരുന്നു. അക്കാലത്ത് സിപിഐ ദേശിയ കൗൺസിൽ അംഗവുമായി. 1994 മുതൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റിൽ അംഗമായി. 2007ലും 2013 രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദളിത് ക്വസ്റ്റ്യൻ, മുന്നോട്ടുള്ള വഴി: തൊഴിലില്ലായ്മക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും മലയാളിയുമായ ആനി രാജയാണ് ഭാര്യ. മഹിളാ ഫെഡറേഷൻ പ്രവർത്തക അപരാജിത ഏക മകളാണ്.