കൊച്ചി: അമിത ജോലി ഭാരത്തെ തുടർന്ന് 26കാരിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവത്തിൽ കുടുംബത്തോട് ഫോണിൽ സംസാരിച്ച് അന്ന ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ. ഉടൻ കേരളത്തിലെത്തി കുടുംബത്തെ നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി അറിയിച്ചു. അന്നയുടെ മരണത്തിന് പിന്നിലെ അമിത ജോലി ഭാരം സംബന്ധിച്ച് കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു.
മരണകാരണം അമിത ജോലിഭാരമെന്ന കുടുംബത്തിന്റെ പരാതി സാമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായതോടെ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് വിശമായ അന്വേഷണം നടത്തുമെന്നാണ് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്‌സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചത്. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഇതേക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അതേസമയം അന്നയുടെ വീട്ടിൽ ഇ.വൈ. (ഏണസ്റ്റ് ആൻഡ് യങ്) കമ്പനിയുടെ അധികൃതരെത്തി. ഇന്നലെ വൈകീട്ടോടെയാണ് കൊച്ചിയിലെ വീട്ടിൽ അധികൃതരെത്തിയത്. മകളുടെ മരണത്തിന് കാരണം പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് എന്ന മൾട്ടി നാഷനൽ കമ്പനിയിലെ അമിത ജോലി സമ്മർദ്ദമാണെന്ന് പരാതിയുമായി കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
അതേസമയം, തന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്നും ഇതിനാലാണ് വിഷയം പുറംലോകത്തെ അറിയാൻ ശ്രമിച്ചതെന്നും അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് പൂനെയിലെത്തി ജോലിയിൽ ചേർന്നത്. എന്നാൽ വലിയ ജോലിഭാരമാണ് അവൾക്കുണ്ടായിരുന്നത്. ജൂലൈ 21ന് പുലർച്ചെയാണ് അന്നയുടെ മരണം. കുഴഞ്ഞ് വീണ് മരിച്ചെന്നാണ് തങ്ങൾക്ക് അറിയിപ്പ് വന്നത്. പിന്നീട് ഹൃദയാഘാതം എന്നാണ് ഡോക്ടർമാർ മരണകാരണമായി അറിയിച്ചതെന്നും സിബി വ്യക്തമാക്കി. പറ്റുന്നില്ലെങ്കിൽ ജോലി ഉപേക്ഷേിച്ച് തിരിച്ചുവരാൻ തങ്ങൾ നിർബന്ധിച്ചിരുന്നതായും സിബി പറയുന്നു.
ഓഫിസിലെ അമിതജോലി കാരണം മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ല. സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല, സിബി പറഞ്ഞു. 12.30 വരെ അവിടെയിരുന്ന് ജോലി ചെയ്യണം. താമസ സ്ഥലത്തെത്തുമ്പോൾ പുലർച്ചെ 1.30 ആകും. മുതിർന്ന ഉദ്യോഗസ്ഥരോട് ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. ഞങ്ങൾ കത്ത് എഴുതിയതിന് ശേഷമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണമുണ്ടായത്. കേന്ദ്രം ആവശ്യപ്പെട്ടാൽ സംഭവത്തിൽ പരാതിയുമായി മുമ്പോട്ട് പോകും. തന്റെ മകളുടെ അവസ്ഥ ഇനിയാർക്കും വരരുതെന്നും പിതാവ് സിബി പറയുന്നു.














