Sunday, November 24, 2024
BusinessLatest

കൊക്കോ റോയല്‍ വെളിച്ചെണ്ണ ലോക വ്യാപാര മേഖലയിലേക്കുള്ള കേരളത്തിന്റെ കാല്‍വെപ്പ് – മന്ത്രി കെ.രാജന്‍


കോഴിക്കോട്: കേരള സംസ്ഥാന നാളികേര വികസന കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത കൊക്കോ റോയല്‍ വെളിച്ചെണ്ണ ലോക വ്യാപാര മേഖലയിലേക്കുള്ള കേരളത്തിന്റെ കാല്‍വെപ്പാണെന്നു റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കെ.എസ്.സി.ഡി.സിയുടെ കൊക്കോ റോയല്‍ വെളിച്ചെണ്ണ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനവും വിപണന സമാരംഭവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിക്കിടയിലും അഭിമാനര്‍ഹമായ നേട്ടങ്ങളുടെ നടുവിലാണ് കേരളത്തിന്റെ ആരോഗ്യ രംഗം. ഇതിനിടയില്‍ ജീവിതശൈലീ രോഗങ്ങളുടെ വര്‍ധനവ് കാത്തിരുന്നുകൂടാ. മലയാളികള്‍ നല്ല ഭക്ഷണശീലങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. മൂല്യവര്‍ധിത ഉത്പന്നങ്ങളോടൊപ്പം, കര്‍ഷകരെയും വിളകളെയും പ്രോത്സാഹിപ്പിക്കുക എന്നതും പ്രധാനമാണ്. സര്‍ക്കാരിന്റെ ‘കേരഗ്രാമം’ പദ്ധതി അത്തരത്തില്‍ ഒന്നാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മായംകലര്‍ന്ന വെളിച്ചെണ്ണ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കപ്പെടണം. അതിനു കൂടി സഹായകമാണ് പുതിയ ഉത്പന്നം.

കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്റെ ആറ്റിങ്ങലിലെ ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് കോപ്ലക്സില്‍ സ്ഥാപിച്ച ഡബിള്‍ ഫില്‍റ്റേഡ്, റോസ്റ്റഡ് വെളിച്ചെണ്ണ പ്ലാന്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രേഡ്-1 വെളിച്ചെണ്ണയുടെ ബ്രാന്‍ഡാണ് കൊക്കോ റോയല്‍. പരമ്പരാഗത കേര കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന കൊപ്രയില്‍നിന്നും നിര്‍മിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയാണിത്.

കേരളത്തിലും, ദേശീയ-അന്തര്‍ ദേശീയ വിപണികളിലും കൊക്കോ റോയല്‍ വ്യാപാര നാമത്തിലുള്ള വെളിച്ചെണ്ണയുടെയും മറ്റ് കേരോത്പന്നങ്ങളുടെയും പൂര്‍ണ വിതരണ-വിപണന ചുമതല ഏറ്റെടുത്തിരിക്കുന്നത് യെന്‍ഫോര്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.

കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.സി.ഡി.സി ചെയര്‍മാന്‍ എം.നാരായണന്‍ സ്വാഗതം പറഞ്ഞു. യെന്‍ഫോര്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്ചെയര്‍മാന്‍ കെ.സി.കുഞ്ഞമ്മദ്കുട്ടി ആദ്യ വില്പന സ്വീകരിച്ചു. എം ഡി മുഹമ്മദ് നജാദ് ആദ്യ ഇന്‍വോയിസ് തുക കൈമാറല്‍ നിര്‍വഹിച്ചു. കെ.എസ്.സി.ഡി.സി എം.ഡി എ.കെ.സിദ്ധാര്‍ത്ഥന്‍ നന്ദി പറഞ്ഞു.


Reporter
the authorReporter

Leave a Reply