General

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Nano News

ന്യൂഡല്‍ഹി; ഒരാഴ്ചക്കിടെ രാജ്യത്ത് 46 വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. അന്വേഷണത്തിനിടെ 46 വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം അയച്ചത് ഒരേ എക്‌സ് അക്കൗണ്ടില്‍ നിന്നാണെന്ന് വ്യക്തമായി. ഇത്തരത്തില്‍ 70 ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്.

@adamlanza1111എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. ഇതില്‍ 12 എണ്ണം വെള്ളിയാഴ്ചയും 34 സന്ദേശങ്ങള്‍ ശനിയാഴ്ചയുമാണ് അയച്ചിരിക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, എയ്ര്‍ ന്യൂ സിലാന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കു നേരെയും ഇതേ അക്കൗണ്ടില്‍ നിന്ന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കാന്‍ പ്രതി ശ്രമം നടത്തി. ശനിയാഴ്ച ഉച്ചവരെ ആക്ടീവ് ആയിരുന്ന എക്‌സ് അക്കൗണ്ട് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.

ആഭ്യന്തര വിമാന സര്‍വീസുകളായ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, അകാസ എയ്ര്‍, അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ എന്നിവക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘നിങ്ങളടെ അഞ്ച് വിമാനങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ട്. ആരും ജീവനോടെയുണ്ടാവില്ല. വേഗം വിമാനം ഒഴിപ്പിച്ചോളൂ’ എന്നായിരുന്നു സന്ദേശം. പല വിമാനങ്ങളും പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്.

വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായ ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ ബ്യൂറോ ആഭ്യന്തര വിമാനകമ്പനികളുടെ യോഗം വിളിച്ചിരുന്നു.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാസ, വിസ്താര, സ്‌പൈസ്‌ജെറ്റ്, സ്റ്റാര്‍ എയര്‍, അലൈന്‍സ് എയര്‍ തുടങ്ങിയ വിമാനകമ്പനികള്‍ക്കെല്ലാം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 17കാരന്‍ ഛത്തീസ്ഗഢ് അറസ്റ്റിലായിരുന്നു.


Reporter
the authorReporter

Leave a Reply