അമരാവതി: മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ഗുരുതര ആരോപണത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ.
മുന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാന്‍ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചിരുന്നുവെന്ന ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു.
തിരുപ്പതി ലഡുവില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് അവര്‍ ഉപയോഗിച്ചത്- എന്‍.ഡി.എ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെ നായിഡു പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോപണം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. എന്നാല്‍ നായിഡുവിന്റെ ആരോപണം നിഷേധിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രംഗത്തെത്തി.