Art & CultureLatest

കാൻസർ വാർഡുകളിലെ കുരുന്നുകൾക്കായി മൂന്നാം ക്ലാസുകാരിയുടെ വായനാ മധുരം

Nano News

കോഴിക്കോട്: അർബുദ ബാധിതരായി ജീവിതത്തോടും വേദനയോടും മല്ലിട്ട് ഗവ. മെഡിക്കൽ കോളേജുകളിലെ കാൻസർ വാർഡുകളിൽ കഴിയുന്ന കുരുന്നുകൾക്ക് ‘അക്ഷരക്കൂട്ട്’ എന്ന പേരിൽ വായനയുടെ മധുരം പകരാനുള്ള സ്വപ്നപദ്ധതിയുമായി എട്ടു വയസുകാരി. കോഴിക്കോട് വേനപ്പാറ ലിറ്റിൽ ഫ്ളവർ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ആഗ്ന യാമിയാണ് കാൻസർ വാർഡിലെ കുരുന്നുകൾക്ക് വായനയാകുന്ന മരുന്ന് എത്തിച്ച് നൽകി അവരെ അക്ഷരലോകത്തിലേക്ക് കൈപിടിച്ച് നയിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നിർവഹിച്ചു. മലയാള നവ അക്ഷരമാലയിലെ 56 അക്ഷരങ്ങളുടെ പ്രതീകമായി 56 പുസ്തകങ്ങൾ ആഗ്ന യാമിയിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. മന്ത്രിയുടെ നിർദേശപ്രകാരം ഇവ പിന്നീട് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ അർബുദ ബാധിതരായ കുട്ടികൾക്ക് വേണ്ടി കൈമാറി. തുടർന്ന് ആർ സി സി പാലിയേറ്റീവ് മെഡിസിൻ വിഭാഗം റസിഡന്റ് മെഡിക്കൽ ഓഫീസറും രോഗീ പരിചരണ പദ്ധതിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ ഡോ. സി വി പ്രശാന്ത് ആഗ്ന യാമിയിൽ നിന്ന് ആർ സി സിയ്ക്ക് വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി.
യുകെജിയിൽ പഠിക്കവെ രചിച്ച തന്റെ ആദ്യ പുസ്തകമായ ‘വർണ്ണപ്പട്ടം’ കവിതാസമാഹാരത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കാൻസർ ബാധിതരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ കാൻസർ വാർഡിൽ കഴിയുന്ന കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചുനൽകിയാണ് ആഗ്ന യാമിയുടെ സദുദ്ദ്യമത്തിന് തുടക്കമായത്. ഒന്നാം ക്ലാസിൽ പഠിക്കവെ രചിച്ച രണ്ടാമത്തെ പുസ്തകമായ ‘പെൻസിലും ജലറാണിയും’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനചടങ്ങിന് പിന്നാലെയും കാൻസർ വാർഡിലെ കുരുന്നുകൾക്ക് പുസ്തകസഞ്ചയം കൈമാറിയിരുന്നു. കൂട്ടുകാരിൽ നിന്നും സുമനസ്സുകളിൽ നിന്നും പ്രസാധകരിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുക വഴി അവരെയും ഇത്തരമൊരു സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമാക്കാനും ആഗ്ന യാമി ആഗ്രഹിക്കുന്നു.
ദിവസേന സ്കൂളിൽ പോകാനാകാത്ത കാൻസർ ബാധിതരായ എഴുത്തും വായനയും നല്ല പോലെ അറിയാത്ത കുട്ടികൾക്ക് ഓൺലൈനായി രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആഗ്ന യാമി ക്ലാസും എടുത്ത് വരുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നെല്ലാമുള്ള മുപ്പതോളം കുട്ടികളെ ഇംഗ്ലീഷും മലയാളവും പ്രാഥമികമായി എഴുതാനും വായിക്കാനും ആഗ്ന പഠിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാര ജേത്രി കൂടിയാണ്ആഗ്ന യാമി.

 


Reporter
the authorReporter

Leave a Reply