നീലേശ്വരം (കാസര്‍കോട്): കാസര്‍കോട് നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചു. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. 150ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ടു പേരുടെ നിലഗുരുതരമാണ്. അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെയാണ് വന്‍ അപകടമുണ്ടായത്. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
ഗുരുതര പൊള്ളലേറ്റവര്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. ഷിബിന്‍ രാജ് (19), ബിജു (38), രതീഷ് (30), സന്ദീപ് എന്നിവരാണ് ഗുരുതര പരിക്കേറ്റവരില്‍ മൂന്നു പേര്‍.
പരിക്കേറ്റവര്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി, സഞ്ജീവനി ആശുപത്രി, കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രി, കാഞ്ഞങ്ങാട് അരിമാലാ ആശുപത്രി, മിംസ് കണ്ണൂര്‍, മിംസ് കോഴിക്കോട്, കെ.എ.എച്ച് ചെറുവത്തൂര്‍, കാഞ്ഞങ്ങാട് മണ്‍സൂര്‍ ആശുപത്രി, എ.ജെ മെഡിക്കല്‍ കോളജ്, ദീപ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ട്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. വെടി പൊട്ടിക്കുന്നതിനിടെ വെടിക്കെട്ട് പുരയില്‍ തീപ്പൊരി വീണാണ് സ്‌ഫോടനമെന്ന് പ്രാഥമിക വിവരം. തെയ്യം കാണാന്‍ മുമ്പില്‍ നിന്നിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കുണ്ട്.
സ്‌ഫോടനശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറം കേള്‍ക്കാമായിരുന്നു. അപകടത്തെ തുടര്‍ന്ന് പരിഭ്രാന്തരായി ജനക്കൂട്ടം ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണും പലര്‍ക്കും പരിക്കേറ്റു. വടക്കന്‍ മലബാറിലെ ആദ്യ തെയ്യം ക്ഷേത്രമാണ് അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രം.