കല്‍പറ്റ: പരപ്പന്‍ പാറ ഭാഗത്ത് നിന്ന് മൃതദേഹ ഭാഗം കണ്ടെത്തി. മരത്തില്‍ കുടുങ്ങിയ നിലയിലാണ് അഗ്‌നി ശമന സേന ശരീരഭാഗം കണ്ടെത്തിയത്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതാണെന്നാണ് നിഗമനം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ആണ്ടുപോയ 47 പേരെ മൂന്നുമാസം കഴിഞ്ഞിട്ടും കണ്ടെത്തിയിട്ടില്ല.
ഔദ്യോഗിക കണക്കു പ്രകാരം 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍നിന്നുമായി കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതില്‍ 208 എണ്ണത്തിന്റെ പരിശോധനഫലം പോലും ഇനിയും ലഭിച്ചിട്ടില്ല.
മൂന്നുമാസം പിന്നിടുമ്പോഴും അടിയന്തര സഹായം പോലും കിട്ടാത്തവര്‍ ധാരാളമാണ്. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാന്‍ ഭരണകൂടത്തിനായിട്ടില്ല.
ദുരന്തത്തില്‍ ബാക്കിയായവരെ ചേര്‍ത്തുനിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സംഗതയിലാണെന്ന പരാതി വ്യാപകമാണ്.