ഇ-ഹെൽത്തും കെഡിസ്ക്’ഉം കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾ വഴി ഭരണത്തിൽ നൂതനത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകളിൽ നിന്ന് മികച്ച പരിഹാരം ലഭിക്കുന്നതിനുള്ള 48 മണിക്കൂർ ഹാക്കത്തോൺ സർക്കാർ സംഘടിപ്പിച്ചതിന്റെ അവാർഡ് പ്രഖ്യാപനം ഇന്ന് ഓൺലൈൻ ആയി ബഹു. ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു.
ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയ പ്രശ്‌നപ്രസ്‌താവനകൾ അവതരിപ്പിച്ച് ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള മികച്ച പരിഹാരം തിരഞ്ഞെടുക്കുകയാണ് ഈ ഹാക്കത്തോൺ കൊണ്ട് ഉദ്ദേശിച്ചത്.
ഹാക്കത്തോണിൽ വിജയിച്ച സ്റ്റാർട്ടപ്പിന് ആരോഗ്യ വകുപ്പിൽ അവരുടെ ഈ നൂതന ഉൽപ്പന്നം നടപ്പിലാക്കാൻ അവസരം ലഭിക്കും.
ഈ ഹാക്കത്തോൺ ആരോഗ്യ വകുപ്പിനെ നൂതന സാങ്കേതിക സംവിധാനത്തിലേക്ക് കൊണ്ട് വരാൻ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ ആരോഗ്യ അറിയിപ്പുകൾ, പദ്ധതികൾ എന്നിവ അതാത് പ്രദേശത്തുള്ള ആളുകളുടെ വിരൽ തുമ്പിൽ എത്തിക്കുക എന്ന ആശയത്തിനാണ് ക്യൂകോപ്പി സ്റ്റാർട്ടപ്പ് അവാർഡിനാർഹരായത്. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. കേരള സർക്കാരിന്റെ കോവിഡ് മൊബൈൽ ആപ്പ് ആയ GoK Direct (ജി.ഒ.കെ ഡയറക്റ്റ്) നിർമിച്ചതും ക്യൂകോപ്പി സ്റ്റാർട്ടപ്പ് ആണ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ യു എൽ സൈബർ പാർക്കിൽ ആണ് Qkopy കമ്പനി പ്രവർത്തിക്കുന്നത്.
അരുൺ പെരൂളി, രാഹുൽ കെ.സി, രാജീവ് സുരേന്ദ്രൻ എന്നിവരാണ് ക്യൂകോപ്പി (Qkopy) യുടെ സ്ഥാപകർ.