ബെംഗളൂരു: കർണാടകയിൽ ബാങ്കിന്റെ വൈ-ഫൈ നെറ്റ്‌വർക്ക് നെയിം “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് കണ്ടതിനെത്തുടർന്ന് കേസ് ഫയൽ ചെയ്ത് പൊലീസ്. ബെംഗളൂരുവിലെ ജിഗാനി കല്ലുബാലു സഹകരണ ബാങ്കിന്റെ വൈ-ഫൈ കണക്ഷനിലാണ് ഇത്തരത്തിൽ മാറ്റിയ പേര് പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഗോവർദ്ധൻ സിംഗ് എന്നയാളാണ് സംഭവം ആദ്യം കണ്ടത്തിയത്. ഇയാൾ ബാങ്ക് പരിസരത്ത് നിന്ന് വൈഫൈ കണക്ഷനുകൾ നോക്കിയപ്പോൾ ഇത്തരത്തിലൊരു ഐ ഡി കാണുകയായിരുന്നു. ഇതിന് ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു.
ബാങ്കിന്റെ വൈ-ഫൈ റിപ്പയർ ചെയ്യുകയായിരുന്നുവെന്നും ഇതിനായി ഒരു പ്രാദേശിക ടെക്നീഷ്യനെ സേവനത്തിന് വിളിച്ചതായും ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, വൈഫൈ നെയിം മാറിയതിന് പിന്നാലെ ടെക്നീഷ്യൻ ബാങ്ക് വിട്ടുപോയിരുന്നു. പിന്നീട് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തി. ഇത് കൂടുതൽ സംശയത്തിന് കാരണമായി. ടെക്നീഷ്യനെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. ഗോവർദ്ധൻ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു തമാശയാണോ അതോ വർഗീയ വികാരം പ്രകോപിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
 













