കോഴിക്കോട്: വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ നാമെല്ലാവരും പങ്കാളികളാകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കോഴിക്കോട് കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന്റെ നാലാം ദിവസത്തെ സര്‍ഗസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2047 ഓടെ വികസിത ഭാരതം യാഥാര്‍ത്ഥ്യമാകും എന്നത് പ്രധാനമന്ത്രിയുടെ സ്വപ്നം മാത്രമല്ല, നാമോരുരുത്തരും പങ്കുചേര്‍ന്ന് സാക്ഷാത്കരിക്കേണ്ട ഒന്നാണ്. പ്രധാനമന്ത്രി പറഞ്ഞ ആത്മനിര്‍ഭര ഭാരതം സ്വദേശി സങ്കല്പം തന്നെയാണ്. ഭാരതത്തിന്റെ കുടുംബ സമ്പദ് വ്യവസ്ഥയിലാണ് വികസിത ഭാരതത്തിന്റെ അടിസ്ഥാനം. സ്വദേശി ഉത്പന്നങ്ങളുടെ സാര്‍വ്വത്രികമായുള്ള ഉപയോഗത്തിലൂടെ നമുക്ക് വികസിത രാജ്യമാകാനും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനും സാധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭാരതീയമായ സമ്പദ് വ്യവസ്ഥയെ സ്വീകരിക്കുന്നതിന് പകരം മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ പുറത്തുള്ള സമ്പദ് വ്യവസ്ഥയെ സ്വീകരിച്ചു. നമ്മുടെ സംസ്കാരവും ഭൗതികവിജ്ഞാനവും ഉള്‍ക്കൊണ്ടില്ല. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് ദീന്‍ദയാല്‍ ഉപാധ്യായ ഏകാത്മമാനവ ദര്‍ശനം മുന്നോട്ടു വച്ചത്. സാമ്പത്തിക രംഗത്ത് മാത്രമല്ല, സാമൂഹ്യവും സാംസ്കാരികവുമായ എല്ലാ രംഗങ്ങളിലും സ്വദേശി സങ്കല്പം ഉണ്ടായാല്‍ മാത്രമേ ഭാരതം വികസിതമാവുകയുള്ളു. ആര്‍എസ്എസ്സിന്റെ ഭാഗമാണെന്നും സ്വയംസേവകനാണെന്നും പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നു. എന്നാല്‍ ആര്‍എസ്എസ്സിനോട് ഭാരതത്തിലെ മാധ്യമങ്ങള്‍ വളരെ മുമ്പ് മുതല്‍ തന്നെ അസ്പൃശ്യത വച്ചുപുലുര്ത്തുന്നുണ്ട്. ഗുരുജി ഗോള്‍വാള്‍ക്കര്‍ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം ഒരു വരി പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവിടെയുള്ള മാധ്യമങ്ങള്‍ തയ്യാറായിരുന്നില്ല.
ഭാരതമാതാവിനെയും ഗുരുപൂജയെയും തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ ശബരിമല അയ്യപ്പന്റെ ഭക്തരായി നടിക്കുകയാണ്. ഭാരതമാതാവും ഗുരുപൂജയും രാഷ്ട്രീയമായ സങ്കല്പങ്ങളല്ല. സാംസ്കാരികമായി ഏറെ ഔന്നത്യം പുലര്‍ത്തുന്ന കേരളത്തില്‍ ചില സ്കൂളുകളില്‍ ഗുരുപൂജയെ എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന കേസരി വാരിക അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും ചിന്തകളിലൂടെയും ഇവിടെ നിറസാന്നിധ്യമാണ്. രാഷ്ട്രദേവോ ഭവ എന്ന ചിന്തയാണ് കേസരിയെ നയിക്കുന്നത്. ആര് എതിര്‍ത്താലും ആ ചിന്താധാര ഇവിടെ നിലനില്ക്കും. കേസരി സമൂഹത്തിന് നല്കിയ ചിന്തകള്‍ക്ക് പകരമായി സമൂഹം കേസരിയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്. വിനീതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം പ്രശസ്ത ഗൈനക്കോളജിസ്റ്റും മലബാര്‍ ഹോസ്പിറ്റല്‍ എംഡിയുമായ ഡോ. മിലി മോനിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. ശ്രേഷ്ഠാചാര സഭ ആചാര്യന് എം.ടി. വിശ്വനാഥന് ആശംസയര്‍പ്പിച്ചു. സര്‍ഗോത്സവ സമിതി സാമ്പത്തിക സമിതി കണ്‍വീനര്‍ ടി.വി. ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞു.