കോഴിക്കോട്: വരും തലമുറ സ്വന്തം സംസ്കാരത്തെ ഗൂഗിളിൽ നിന്നെങ്കിലും മനസ്സിലാക്കാൻ സഹായിക്കുന്ന നടപടികൾ കൈക്കൊള്ളണമെന്ന് ഐ സി ആർ പ്രസാദ് അഭിപ്രായപ്പെട്ടു,
സിറ്റി ഹെറിറ്റേജ് കേരള വിക്കിമീഡിയൻ കൂട്ടായ്മയുമായി സഹകരിച്ച് ഗുദാമിൽ സംഘടിപ്പിച്ച ഹെറിറ്റേജ് വിക്കിപീഡിയ വർക്ക്ഷോപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഭാഷയോടും നാട്ടിനോടും സ്നേഹവും ആദരവും ജനിപ്പിക്കുന്ന വിധം നമ്മുടെ പാരമ്പര്യങ്ങളെയും, സാംസ്കാരിക പൈതൃകങ്ങളെയും അവതരിപ്പിക്കുന്നതിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കണമെന്നും, അത്തരത്തിൽ അത്യാധുനികമായ സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ സഹായിക്കുന്ന ഇത്തരം പരിശീലന പരിപാടികൾ വലിയ പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഹെറിറ്റേജ് മുഖ്യ പ്രമേയമാക്കി കൊണ്ട്, വിക്കിപീഡിയയും വിക്കി അനുബന്ധ ഡിജിറ്റൽ സ്‌പേസുകളെയും കുറിച്ചുള്ള ഏകദിന പരിശീലനമാണ് നടന്നത്.
പ്രൊഫസർമാരും, ഗവേഷകരും, പ്രൊഫഷണലുകളും, സംരംഭകരും, വിദ്യാർത്ഥികളും ഉൾപ്പെടെ സാമൂഹിക സാംസ്കാരിക രംഗത്ത് നാനാതുറകളിൽ നിന്നുള്ളവർ പ്രതിനിധികളായി പങ്കെടുത്തു.
ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടന്ന പരിപാടിയിൽ
വിക്കീപീഡിയയിൽ സജീവമായി ഇടപെടുന്ന മലയാളികളുടെ കൂട്ടായ്മയായ വിക്കിമീഡിയൻസ് കേരള സ്ഥാപകരിൽ ഒരാളായ രഞ്ചിത്ത് സിജി, ആർട്ഫിഷ്യൽ ഇൻ്റലിജൻസ് ട്രെയിനർ സുഹൈർ അലി, സിറ്റി ഹെറിറ്റേജ് ഫൗണ്ടർ മുഹമ്മദ് ശിഹാദ് , പ്രമുഖ ഫോട്ടോഗ്രാഫർ അൻഷദ് ഗുരുവായൂർ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു.
ഗുദാമിൻ്റെ ഫൗണ്ടർ ബഷീർ ബഡായകണ്ടി, ആശംസകൾ നേർന്നു. സിറ്റി ഹെറിറ്റേജ് എക്സിക്യൂട്ടീവ് സഫ്‌വാൻ സ്വാഗതവും , ദേവനന്ദ നന്ദിയും പറഞ്ഞു.
നാട്ടിൻ്റെ സാംസ്‌കാരിക പൈതൃകങ്ങളും, ചരിത്ര സ്മാരകങ്ങളും ഏറ്റവും മികച്ച രീതിയിൽ ഡിജിറ്റൽ സ്പേസിൽ ലഭ്യമാക്കുന്നതിന് വേണ്ടി വിക്കിപീഡിയ പോലുള്ള ആഗോള സ്വതന്ത്ര വൈജ്ഞാനിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയുള്ള സാങ്കേതികവും , വൈദഗ്ധ്യവും ഉൾകൊള്ളിച്ചു കൊണ്ടുള്ള പരിപാടിയിൽ കേരളത്തിലെ പ്രാദേശിക പൈതൃകങ്ങളും, സാംസ്കാരിക വൈവിധ്യങ്ങളുടെയും സംരക്ഷണം മുഖ്യ പ്രമേയമായി.