പേരാമ്പ്ര: ചേനോളി കളോളിപ്പൊയില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്റെ വീട് നിര്‍മാണത്തിനിടെ ശുചിമുറിക്ക് കുഴി എടുത്തപ്പോള്‍ കണ്ടെത്തിയ ചെങ്കല്‍ഗുഹ മഹാശിലായുഗത്തിലേതാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി. പഴശ്ശിരാജ മ്യൂസിയം ഇന്‍ചാര്‍ജ് കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ ഉദ്ഖനനം നടത്തി ഈ ഗുഹയിൽ കൂടുതൽ അറകൾ കണ്ടെത്തിയിരുന്നു.
സാധാരണ കാണുന്ന ഗുഹകളുടെ കവാടം അധികവും ചെങ്കല്‍ പാളികളുടേതാണെങ്കില് ഇവിടെയുള്ളത് കരിങ്കല്‍ പാളികള്കൊണ്ടുള്ള കവാടങ്ങളാണ്. ഇവിടെ ഇംഗ്ലീഷ് അക്ഷരത്തിലെ എൽ ആകൃതിയിലുള്ള മൂന്ന് അറകളാണ് കണ്ടെത്തിയത്. ശനിയാഴ്ച തുറന്ന ആദ്യം കണ്ടെത്തിയ അറയിൽ ബെഞ്ചിന്റെ ആകൃതിയില്‍ വടക്കുഭാഗത്തായി ചെങ്കല്ലില്‍ കൊത്തിയൊരുക്കിയിട്ടുണ്ട്. മുകള്‍ഭാഗത്ത് ഇരുമ്പ് കൊണ്ടുള്ള രണ്ട് ഹുക്ക് പതിച്ചിട്ടുണ്ട്. അർധഗോളാകൃതിയിലുള്ള ഗുഹക്കകത്ത് കുറച്ച് മണ്‍കലങ്ങളും കണ്ടെത്തി. ഇത് മൃതദേഹം സംസ്കരിച്ച ശവക്കല്ലറയാണെന്ന് തെളിഞ്ഞു.
2000 നും 2500 നും ഇടയില്‍ പഴക്കമുണ്ടെന്നാണ് നിഗമനം. കൃത്യമായി പഠനവിധേയമാക്കുക എന്നതുകൊണ്ടാണ് ഇതുപോലുള്ള സ്മാരകങ്ങള്‍ കുഴിച്ചു പരിശോധിക്കുന്നതെന്നും ഇവിടെനിന്ന് കിട്ടുന്ന വസ്തുക്കള്‍ ശേഖരിച്ച് മ്യൂസിയത്തില്‍ കൊണ്ടുപോയി വെക്കുകയല്ല ലക്ഷ്യമെന്നും കൃഷ്ണരാജ് പറഞ്ഞു. ഇതുപോലെ ആയിരക്കണക്കിന് വസ്തുക്കള്‍ പുരാവസ്തു വകുപ്പിന്റെ കൈതയിലുണ്ട്. വളരെ അപൂര്‍വമായി മാത്രമേ വ്യത്യസ്തമായ സാധനങ്ങള്‍ കിട്ടാറുള്ളൂവെന്നും ബാക്കിയെല്ലാം ഒരുപോലെയുള്ള പാത്രങ്ങളാണ് കിട്ടാറെന്നും അദ്ദേഹം വ്യക്തമാക്കി.