ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്. വടക്കേ ഇന്ത്യയിലുടനീളം ഇരുന്നൂറോളം വിമാനങ്ങളും നിരവധി ട്രെയിനുകളും വൈകി. ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ 170 വിമാനങ്ങള്‍ വൈകുകയും 38 എണ്ണം റദ്ദാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ശ്രീനഗര്‍, ചണ്ഡീഗഡ്, ആഗ്ര, ലഖ്നൗ, അമൃത്സര്‍, ഹിന്‍ഡന്‍, ഗ്വാളിയോര്‍ വിമാനത്താവളങ്ങളില്‍ ദൃശ്യപരത പൂജ്യമാണ്.
ഡല്‍ഹിയിലേക്കുള്ള 50 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 22436 ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് നാല് മണിക്കൂറിലധികം വൈകി, വാരണാസി വന്ദേ ഭാരത് എക്സ്പ്രസ് 14 മണിക്കൂര്‍ വൈകി. ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് എട്ട് മണിക്കൂറും 17 മിനിറ്റും വൈകി, ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഏഴ് മണിക്കൂറിലധികം വൈകി.
ഇന്നലെ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദൃശ്യപരത പൂജ്യത്തിലെത്തിയതിനാല് 200-ലധികം വിമാനങ്ങള്‍ വൈകിയിരുന്നു.
ഡല്‍ഹിയിലെ കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസാണ്. രാജസ്ഥാന്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 6 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.