General

നല്ല വിധിയെന്ന് പ്രോസിക്യൂട്ടർ; ‘വധശിക്ഷ ലഭിക്കാത്തത് അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി പരിഗണിക്കാത്തതിനാൽ’


കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച സിബിഐ കോടതി വിധി പ്രതീക്ഷിച്ചതുപോലെ നല്ല വിധിയാണെന്നും വിധി പകര്‍പ്പ് കിട്ടിയശേഷം കൂടുതൽ കാര്യങ്ങള്‍ പരിശോധിച്ച് അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ ബോബി ജോസഫും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബ അഭിഭാഷകനായ കെ പത്മനാഭനും പ്രതികരിച്ചു. പ്രതികള്‍ അടക്കുന്ന പിഴ തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കൈമാറണമെന്നാണ് ഉത്തരവ്. കേരളീയ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്.

കുറ്റവാളികളാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കെല്ലാം തക്കതായ ശിക്ഷയാണ് ലഭിച്ചത്. അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസിന്‍റെ പരിധിയിൽ വരുന്നുണ്ടോയെന്ന് കോടതി പരിശോധിച്ചിരുന്നു. കോടതിയുടെ കണ്ടെത്തലിൽ ആ പരിധിയിൽ വരുന്നില്ലെന്ന് കണ്ടതുകൊണ്ടാണ് വധശിക്ഷ ലഭിക്കാതിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ അഭിഭാഷകനായ അഡ്വ. പത്മനാഭനോടും വളരെയധികം നന്ദിയുണ്ടെന്നും വൈ ബോബി ജോസഫ് പറഞ്ഞു.

വളരെയധികം സന്തോഷമുള്ള വിധിയാണെന്ന് അഡ്വ. പത്മനാഭൻ പറഞ്ഞു. കേരളീയ മനസാക്ഷിയെ പിടിച്ചുകുലുക്കിയ അതിദാരുണമായ ഇരട്ടക്കൊലയുടെ വിധിയാണ് ഇന്ന് വന്നത്. കേരളീയ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. അതിൽ ഒരു പങ്ക് വഹിക്കാനായതിൽ സന്തോഷമുണ്ട്. വിധി പകര്‍പ്പ് കിട്ടിയശേഷം അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അഡ്വ. പത്മനാഭൻ പറഞ്ഞു.


Reporter
the authorReporter

Leave a Reply