കോഴിക്കോട്: മഞ്ഞപ്പിത്ത വ്യാപനം ജില്ലയുടെ ആരോഗ്യ മേഖലയെ മുൾമുനയിൽ നിർത്തുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ പരസ്പരം പഴിചാരി ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും.
ആഘോഷ പാർട്ടികളിലും വിതരണം ചെയ്യുന്ന ശീതള പാനീയങ്ങൾ, കൂൾ ബാറുകളിലും കട്ടുകളിലും കടകളിൽ വിൽക്കുന്ന പാനീയങ്ങൾ, ഹോട്ടലുകളിൽ തിളപ്പിച്ചാറാതെ വിതരണം ചെയ്യുന്ന കുടിവെള്ളം, വൃത്തിഹീനമായ രീതിയിൽ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷണം തുടങ്ങിയവയിലൂടെയാണ് മഞ്ഞപ്പിത്തം പടരുന്നതെന്ന് ഡോക്ടർമാർ വിലയിരുത്തുമ്പോഴും ഇത് നിയന്ത്രിക്കാൻ ശക്തമായ പരിശോധനകൾ നടത്തുന്നില്ല. പരിശോധന നടത്തേണ്ടത് ഭക്ഷ്യ സുരക്ഷാവകുപ്പാണെന്നാണ് ആരോഗ്യവപ്പും തദ്ദേശവകുപ്പും പറയുന്നത്. എന്നാൽ, ഒരോ മണ്ഡലത്തിലേക്കും ഒരോ ഫുഡ് സേഫ്റ്റി ഓഫിസർമാർ മാത്രമാണ് തങ്ങൾക്കുള്ളതെന്നും പ്രതിരോധം തങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു.
ആറു തട്ടുകടകൾ പൂട്ടിച്ചു
ജില്ലയിൽ തട്ടുകടകൾ കേന്ദ്രീകരിച്ച് ഈ മാസം 11, 12 തീയതികളിലായി ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക രാത്രികാല പരിശേധന സംഘടിപ്പിച്ചിരുന്നു. 154 കടകളിൽ പരിശോധന നടത്തിയ സംഘം ആറു തട്ടുകൾ പൂട്ടിച്ചു. ഗുരുതരമല്ലാത്ത പിഴവുകൾ കണ്ടെത്തിയ 58 കടകൾക്ക് നോട്ടീസ് നൽകി.
ഹെൽത്ത് കാർഡ് പാളുന്നു
പൊതു ഇടങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തിയ ഹെൽത്ത് കാർഡ് നിർബന്ധമാണ്. എന്നാൽ, ഹോട്ടലുകളിലും തട്ടുകടകളിലും ഇത് പൂർണമായി നടപ്പാക്കാൻ കഴിയുന്നില്ല. ജില്ലയിൽ ഹോട്ടലുകൾ, തട്ടുകട, ബേക്കറി തുടങ്ങിയ ഇടങ്ങളിലെല്ലാം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഭൂരിഭാഗവും ഇതര സംസഥാന തൊഴിലാളികളാണ്. ചുരുങ്ങിയ ഇടവേളകളിൽ തന്നെ തൊഴിലാളികൾ മാറുന്ന അവസ്ഥയാണ് നിലവിൽ. പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെ പിടിച്ചാൽ രണ്ടു ദിവസം മുമ്പ് ജോലിയിൽ കയറിയതാണ് എന്നാവും ഉടമയുടെ മറുപടി. ഇവർക്ക് കാർഡ് എടുക്കാൻ മുന്നറിയിപ്പ് നൽകാനല്ലാതെ നടപടിയെടുക്കാൻ കഴിയില്ല.
ഈ മാസം 69 പേർക്ക് മഞ്ഞപ്പിത്തം
സെപ്റ്റംബർ ഒന്നുമുതൽ 12 വരെ 69 പേർക്ക് ജില്ലയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ പറയുന്നത്.
സമാനമായി രീതിയിൽ മുൻ മാസങ്ങളിലും ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. കോർപറേഷൻ അടക്കം ജില്ലയുടെ പല ഭാഗങ്ങളിലും മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്ത് ക്ലസ്റ്ററുകൾ രൂപപ്പെടുകയും ചെയ്തിരുന്നു. മഞ്ഞപ്പിത്തമരണങ്ങൾ കൂടിയിട്ടും പ്രതിരോധത്തിൽ സർക്കാർ സംവിധാനങ്ങൾ അമാന്തം കാണിക്കുന്നത് ആക്ഷേപത്തിനിടയാക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിലെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരെ ഉൾപ്പെടുത്തിയാൽ എണ്ണം കൂടും.