തിരുവനന്തപുരം: കേരളത്തില്‍ സര്‍വിസ് നടത്തുന്ന രണ്ട് വന്ദേഭാരതുകളിലും യാത്രക്കാർ കൂടിയതോടെ പരിഹാര നടപടിയുമായി റെയില്‍വേ. മുഴുവന്‍ കോച്ചുകളും മാറ്റി പുതിയത് സ്ഥാപിക്കാനാണ് റെയില്‍വേ തയാറെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് 16 കോച്ചുകളും മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തുന്ന വന്ദേഭാരതിന് എട്ട് കോച്ചുകളുമാണ് നിലവിലുള്ളത്.
എട്ടു കോച്ചുകളുള്ള ട്രെയിന്‍ കേരളത്തില്‍ നിന്ന് പിന്‍വലിച്ച് പകരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 16 കോച്ചുള്ള വന്ദേഭാരത് ഈ റൂട്ടില്‍ സര്‍വിസ് നടത്തും. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് പകരം 20 അത്യാധുനിക കോച്ചുകളുള്ള ട്രെയിന്‍ ട്രാക്കിലിറക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റമുണ്ടെങ്കിലും യാത്രക്കാരില്‍ നിന്നുള്ള മികച്ച പ്രതികരണമാണ് പുതിയ മാറ്റത്തിന് റെയില്‍വേയെ പ്രേരിപ്പിക്കുന്നത്.