ന്യൂഡല്‍ഹി: വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കിയെന്നും നിര്‍ബന്ധിത പരിശോധനകള്‍ നടത്തി വരികയാണെന്നും വിസ്താര പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം ലണ്ടനിലേക്ക് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര ഫ്ലൈറ്റ് യുകെ 17 എന്ന വിമാനത്തിനാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. പ്രോട്ടോക്കോള്‍ അനുസരിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉടന്‍ വിവരം അറിയിച്ചു, കൂടാതെ മുന്‍കരുതല്‍ നടപടിയായി വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയും ചെയ്തതായി വിസ്താര വക്താവ് പറഞ്ഞു.