വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 159 മരണം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരെയും തിരിച്ചറിയാനായിട്ടില്ല. 130ല്‍ അധികം ആളുകള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 45 ദുരിതാശ്വാസ കാമ്പുകളിലായി 3069 പേര്‍ കഴിയുന്നുണ്ട്. 98 പേര്‍ ഇനിയും കാണാമറയത്താണെന്നും കണക്കുകള്‍ പറയുന്നു.
സൈന്യവും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നിര്‍മിച്ച താത്കാലിക പാലം വഴിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ ഇക്കരെ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. മഴക്ക് ശമനം വന്നതിനാല്‍ രാവിലെ തന്നെ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വഴിയാണ് ആളുകളെ പുറത്തെത്തിക്കുന്നത്.രാവിലെ ഏഴിന് തെരച്ചില്‍ പുനഃരാരംഭിച്ചു.
കിലോമീറ്ററുകള്‍ക്ക് ഇപ്പുറം ചാലിയാര്‍ തീരത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ അടിയുന്നു. ഒരു മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പനങ്കയം മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരങ്ങള്‍ക്കായി ചാലിയാര്‍ തീരത്തും മുണ്ടേരി വനമേഖലയിലും തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. 116 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ട് പൂര്‍ത്തീകരിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനാണ് ഇന്ന് പ്രാധാന്യം നല്‍കുന്നത്. അതിനായി രണ്ട് മാര്‍ഗങ്ങളാണ് ഉപയോഗിക്കുക. എയര്‍ ലിഫ്റ്റിങ്ങാണ് ഒരു മാര്‍ഗം. അതിനായി ഹെലികോപ്റ്റര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിസിബിലിറ്റി ലഭിച്ചാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. പാലം ഉണ്ടാക്കി ആളുകളെ കൊണ്ടുവരികയാണ് മറ്റൊരു മാര്‍ഗം. എന്നാല്‍ പാലം നിര്‍മ്മിക്കുന്നതുവരെ കാത്തുനില്‍ക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. മണ്ണില്‍ പുതഞ്ഞു പോകുന്ന അവസ്ഥയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നാണ് ആശങ്ക.