General

രണ്ടാം നിലയിലുള്ള അങ്കണവാടിയിൽ നിന്ന് താഴേക്ക് വീണ് കുട്ടിക്ക് ഗുരുതര പരുക്ക്

Nano News

അടിമാലി: അങ്കണവാടിയുടെ രണ്ടാം നിലയിലെ വരാന്തയിൽ നിന്ന് വീണ് കുട്ടിയ്ക്ക് ഗുരുതര പരുക്കേറ്റു. വരാന്തയിലേക്ക് തെറിച്ച് വീണ മഴവെള്ളത്തിൽ കാൽതെന്നിയാണ് നാലു വയസ്സുള്ള കുട്ടി താഴേക്കു വീണത്. കോയേലിപറമ്പിൽ ആന്റപ്പന്റെ മകൾ മെറീനയ്ക്കാണ് പരുക്കേറ്റത്. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു. അങ്കണവാടി വർക്ക‌ർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) യുടെ കാലാണ് ഒടിഞ്ഞത്.

രണ്ടാം നിലയിൽ നിന്നും ഇരുപതടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. കെട്ടിടത്തിന്റെ അരികിലൂടെ വെള്ളമൊഴുകുന്ന ഓടയിലേക്കായിരുന്നു വീഴ്ച. വീഴ്‌ചയിൽ തലയോട്ടിക്കു പരുക്കേറ്റ മെറീനയെ കോട്ടയത്തു കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷിക്കാൻ ചാടിയ അങ്കണവാടി വർക്ക‌ർ പ്രീതി അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഇടത്തെ കാലാണ് ഒടിഞ്ഞത്.

ഇടുക്കി പള്ളിവാസൽ പഞ്ചായത്തിലെ കല്ലാർ അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്കു 12.30ന് ആണു അപകടം ഉണ്ടായത്. രണ്ടു നിലയിലായാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് താഴത്തെ നിലയിൽ ഭക്ഷണം കൊടുത്തശേഷം കുട്ടികളെ മുകൾനിലയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മെറീന താഴേയ്ക്ക് വീണത്. വരാന്തയുടെ കൈവരിയിലെ കമ്പികൾക്കിടയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. താഴത്തെ നിലയിൽ മാത്രം പ്രവർത്തിച്ചിരുന്ന അങ്കണവാടി 2018 ലെ പ്രളയത്തിന് ശേഷം രണ്ട് നിലകളിലായാണ് പ്രവർത്തിച്ചിരുന്നത്.


Reporter
the authorReporter

Leave a Reply