കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെറുവണ്ണൂരിലെ സ്‌കൂളിന് മുന്നില്‍ വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. കൊളത്തറ സ്വദേശിയായ ഫാത്തിമ റിനയാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ നല്ലളം പൊലിസ് കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുവശത്തും നോക്കി അതീവ ശ്രദ്ധയോടെയാണ് പെണ്‍കുട്ടി റോഡ് മുറിച്ചുകടക്കുന്നത്. ഇതിനിടെ കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസ് അമിതവേഗതയിലെത്തി പെണ്‍കുട്ടിയെ ഇടിച്ചിടുകയായിരുന്നു. ബസ് ഇടിക്കാതിരിക്കാനായി വിദ്യാര്‍ഥി ഓടിമാറാന്‍ ശ്രമിച്ചെങ്കിലും ബസ് ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ ബസ്സിനടിയിലേക്ക് വീണുപോയി.
സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ഫാത്തിമയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ല.