Saturday, November 23, 2024
General

മമത എത്തിയേക്കില്ല; ഇൻഡ്യ മുന്നണി നേതാക്കളുടെ യോഗം ഇന്ന്

Mallikarjun Kharge, along with other opposition leaders, attends a press briefing after a meeting of the INDIA alliance in Mumbai on Friday | AP

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഇൻഡ്യാ സഖ്യ നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം ചേരുക. വോട്ടെണ്ണൽ ദിവസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. മമത ബാനർജി യോഗത്തിൽ പങ്കെടുത്തേക്കില്ല.

മൂന്ന് മണിക്ക് മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികൾക്കും ക്ഷണമുണ്ട്. വോട്ടെണ്ണലിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് നിർദേശം നൽകും. തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കിൽ ചെയ്യേണ്ട തുടർ നീക്കങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടന്നേക്കും. എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നേക്കും.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് വിവരം. അതാത് സംസ്ഥാനങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട തിരക്ക് മൂലമാണ് ഇരു നേതാക്കളും പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ഡി.എം.കെ പ്രതിനിധിയായി ടി.ആർ ബാലു യോഗത്തിൽ പങ്കെടുക്കും. അതേസമയം ഇന്ന് ഇടക്കാല ജാമ്യം അവസാനിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.

അതേസമയം, രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് സമാപനമാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 57 മണ്ഡലങ്ങളിലാണ് ജനം ഇന്ന് വിധി എഴുതുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. ഉത്തർപ്രദേശും പഞ്ചാബും അടക്കം 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലുമാണ് ഇന്ന് വോട്ടെടുപ്പ്. ബംഗാൾ, ബിഹാർ ഒഡിഷ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 904 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.


Reporter
the authorReporter

Leave a Reply