GeneralLatest

മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

Nano News

ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നില്‍ പ്രതിഷേധം. എയര്‍ ഇന്ത്യ എക്സ്പ്രസ് ഉത്തരം പറയണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നില്‍ മൃതദേഹം വെച്ചുകൊണ്ടാണ് രാജേഷിന്‍റെ ഭാര്യ അമൃതയുടെ അച്ഛൻ രവി ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉത്തരം കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രവി പറഞ്ഞു. കുടുംബത്തിന് മറ്റു വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയെ തീരുവെന്നും അച്ഛൻ രവി പറഞ്ഞു.ഇന്ന് രാവിലെ ആണ് നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ നേരെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിലെത്തിക്കുകയായിരുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരായ പ്രതിഷേധം എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ സാറ്റസ് ഓഫിസിന് മുന്നില്‍ നടത്തികൊണ്ടാണ് നമ്പി രാജേഷിന്‍റെ ബന്ധുക്കള്‍ നീതി തേടുന്നത്. പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തി.ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു.വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി.

ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്. കരമന സ്വദേശിയാണ് രാജേഷ്. പ്രതിഷേധത്തിനുശേഷമായിരിക്കും മറ്റു ചടങ്ങുകള്‍ നടക്കുക. കരമനയിലെ വീട്ടിൽ പൊതുദ‍ര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.


Reporter
the authorReporter

Leave a Reply