കോഴിക്കോട്: ഫ്ളയിങ്ങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുകുളം കോട്ടുപാടം റോഡിൽ ഉണിമുക്ക് ഭാഗത്ത് പി.ധനമഹേഷ് വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നും കാട്ടുപോത്തിന്റെ കൊമ്പുകളും, മലമാനിന്റെ കൊമ്പും, പവിഴപ്പുറ്റും നാടൻ തോക്കിന്റെ ഭാഗങ്ങളും കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടി. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വെക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. പ്രതി ധനമഹേഷ് പോക്സോ കേസിൽ നിലവിൽ റിമാന്റിൽ കഴിയുകയാണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റെയിഞ്ച് ഓഫീസിലേക്ക് കൈമാറി. കോഴിക്കോട് ഫ്ളയിങ്ങ് ഫ്ളയിങ്ങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. ഭാകരൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എബിൻ.എ,ബീറ്റ് ഫോറസ്റ്റ് ഒഫീസർമാരായ എ.ആസിഫ്, സി.മുഹമ്മദ് അസ്ലം,ശ്രീനാഥ് കെ.വി, ജിജീഷ് ടി.കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.