കോഴിക്കോട്:ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബഹുമുഖപ്രതിഭാ പുരസ്കാരത്തിന് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
പ്രൊഫസർ കെ.പി.മാത്യു (നോവൽ: ഉൾക്കനൽ), ജി.ജ്യോതിലാൽ (യാത്രാവിവരണം: വാനമേ ഗഗനമേ വ്യോമമേ…. പറന്നിറങ്ങി കണ്ട പാരിടങ്ങൾ), ലൂക്കോസ് ലൂക്കോസ് (ഓർമ്മക്കുറിപ്പുകൾ: ലൂക്കോസിന്റെ സുവിശേഷങ്ങൾ), ഹാരിസ് രാജ് (മതസൗഹാർദ്ദ സന്ദേശഗ്രന്ഥം: സത്യവേദസാരങ്ങൾ), ഗിരീഷ് പെരുവയൽ (കവിതാസമാഹാരം: പുള്ളിവെരുക്) എന്നിവർക്കാണ് മികച്ച പുസ്തകങ്ങൾക്കുള്ള പുരസ്കാരങ്ങൾ.
11111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരങ്ങൾ, ഓഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ എം.കെ.രാഘവൻ എം.പി., എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, നജീബ് കാന്തപുരം, സാഹിത്യകാരി ഡോക്ടർ കെ.പി.സുധീര, എസ്.കെ.പൊറ്റെക്കാട്ടിന്റെ മകളും സാഹിത്യകാരിയുമായ സുമിത്ര ജയപ്രകാശ് എന്നിവർ സമ്മാനിക്കുമെന്ന് ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദി ചെയർമാൻ റഹിം പൂവാട്ടുപറമ്പ്, എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദ്, സ്വാഗതസംഘം ചെയർമാൻ ചലച്ചിത്ര നിർമ്മാതാവും നടനും കവിയും ഗാനരചയിതാവും സാഹിത്യകാരനുമായ പ്രഭാകരൻ നറുകര എന്നിവർ അറിയിച്ചു.