കോഴിക്കോട്:ഭിന്നശേഷിക്ഷേമ ദേശീയ പ്രസ്ഥാനമായ സക്ഷമയുടെ കോഴിക്കോട് ജില്ലാ സമിതിയുടെ ഭാഗമായി കോഴിക്കോട് പന്തീരാങ്കാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന സമദൃഷ്‌ടി ചാരിറ്റബിൾ ട്രസ്റ്റും, ഭിന്നശേഷിക്കാർക്ക് വേണ്ടി സ്വയംതൊഴിൽ പരിശീലിപ്പിച്ച് സ്വാവലംബരാ ക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എനേബിൾ ഇന്ത്യയും ചേർന്ന് ചേളന്നൂർ, കാക്കൂർ, നന്മണ്ട എന്നീ മൂന്ന് ഗ്രാമപഞ്ചായത്ത് കളിലെ 18നും 50 നും വയസ്സിനിടയിലുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിയ സ്വയംതൊഴിൽ പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. കേന്ദ്രസർക്കാറിന്റെ ഗ്രാമവികസന മന്ത്രാലയവുമായി ബന്ധപ്പെട്ട ഗ്രാമീണ സ്വയംതൊഴിൽ പരിശീലന വിഭാഗമായ ആർ സെറ്റിയുടെ കോഴിക്കോട് ജില്ലാ ഘടകമാണ് പരിശീലനം നൽകിയത്.
പരിശീലനത്തിൽ പങ്കെടുത്ത് കോഴ്സ് പൂർത്തിയാക്കിയ 30 ഭിന്നശേഷി വിദ്യാർഥികൾക്ക് Rseti നൽകുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നടുവല്ലൂർ എ.യു.പി സ്കൂൾ ഹാളിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു അമ്പലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
പരിശീലനം സിദ്ധിച്ച വിദ്യാർഥികളെ തൊഴിൽ നേടുന്നതിനും തൊഴിൽ സംരംഭകരായി സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും വേണ്ടിയുള്ള തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നൽകുവാനായി പഞ്ചായത്ത് പ്രസിഡണ്ടുമാർ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെയും വ്യാപാര രംഗത്തെയും പ്രമുഖർ, പൗരപ്രമുഖന്മാർ, സക്ഷമയുടെയും സമദൃഷ്‌ടി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇൻഫ്ലുവൻസേഴ്സ് കമ്മിറ്റി രൂപീകരിച്ചു.
ദിശാദീപ്തി ശില്പശാലയുടെ മുഖ്യ സംയോജകൻ പി പ്രകാശൻ,ആർസെറ്റി ഫാക്കൽറ്റി കെ. നിധീഷ് കുമാർ കാക്കൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശൻ മാസ്റ്റർ, സമദൃഷ്‌ടി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.വി രാജേന്ദ്രൻ , ചെയർമാൻ പി. നന്ദനൻ മാസ്റ്റർ സക്ഷമ കോഴിക്കോട് ജില്ലാ അധ്യക്ഷൻ പി. ഗോപകുമാർ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധി യു.കെ വിജയൻ , വിദ്യാർത്ഥി പ്രതിനിധി ഗൗതം, രക്ഷാകർതൃ പ്രതിനിധി കോമളവല്ലി എന്നിവർ സംസാരിച്ചു.
പരിശീലനം സിദ്ധിച്ച ഭിന്നശേഷി വിദ്യാർഥികളും കുടുംബങ്ങളും അടക്കം നൂറിൽപരം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. പി.പ്രകാശൻ സ്വാഗതവും കോമളവല്ലി കൃതജ്ഞതയും രേഖപ്പെടുത്തി.










