കോഴിക്കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഐബിയും നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കൊടിയത്തൂരിലെ പന്നിക്കോട് -കുളങ്ങര റോഡിന് സമീപത്തുനിന്നാണ് ബൈക്കില്‍ 22.6 ഗ്രാം എംഡിഎംഎയുമായി ചെറുവാടി സ്വദേശി നടുകണ്ടി വീട്ടില്‍ അബ്ദു മന്‍സൂറിനെ (40) എക്‌സൈസ് അറസ്റ്റ് ചെയ്തത്.
എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ദേവദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഐബി ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്.എ, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജിത്ത്.വി, ഷംസുദീന്‍. കെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീനദയാല്‍ എസ്.ആര്‍. സന്ദീപ് എന്‍.എസ്, ബിനീഷ് കുമാര്‍ എ.എം, അഖില്‍.പി, റനീഷ് കെ.പി, അരുണ്‍.എ, ജിത്തു പി.പി, ഡ്രൈവര്‍ അബ്ദുല്‍കരീം എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
വാണിജ്യ അളവിലുള്ള എംഡിഎംഎ കൈവശം വെച്ചാല്‍ പത്ത് വര്‍ഷം തടവ് ശിക്ഷയില്‍ കുറയാതെ 20 വര്‍ഷം വരെ തടവ് ശിക്ഷയും കൂടാതെ ഒരു ലക്ഷം രൂപയില്‍ കുറയാതെ രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും ലഭിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ഈയിടെയായി കോഴിക്കോട് ജില്ലയില്‍ മയക്കുമരുന്ന് കണ്ടെടുക്കുന്നത് പതിവാകുകയാണ്. കഞ്ചാവിന് പുറമെ ന്യൂജന്‍ മയക്കുമരുന്നായി എംഡിഎംഎയും പല തവണ പിടിച്ചെടുത്തിട്ടുണ്ട്. പിടിക്കപ്പെട്ടവരേറെയും യുവാക്കളാണ്. സ്ത്രീകളടങ്ങുന്ന സംഘവും പിടിയിലായിട്ടുണ്ട്. യുവാക്കളെ ലക്ഷ്യം വെച്ചാണ് മയക്കുമരുന്ന് വിതരണസംഘങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് എത്തിക്കുന്ന ഉയര്‍ന്ന അളവിലെത്തിക്കുന്ന മയക്കുമരുന്നുകള്‍ വിതരണക്കാര്‍ക്ക് എത്തിക്കുന്നതിനിടെയാണ് പലരും പിടിയിലായത്.