കൊയിലാണ്ടി: സംഘടനാ പ്രവർത്തനത്തിൽ വിട്ടുവീഴ്ചകൾ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ 12 മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് അദ്ദേഹം അറിയിച്ചു. യൂത്ത് കോൺഗ്രസിന്റെ ഭാരവാഹികൾ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അല്ലാത്തവർക്കെതിരെ വിട്ടുവീഴ്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കും.
കേന്ദ്ര സർക്കാരിന്റെ ചരിത്ര തിരസ്കരത്തിനെതിരെ ക്യാംപെയിനുമായി യൂത്ത് കോൺഗ്രസ് വീടുകളിലേക്ക് എത്തണം. ഇന്ത്യയുടെ യഥാർഥ ചരിത്രം വരും തലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം ഓരോ കോൺഗ്രസ് പ്രവർത്തകനുമുണ്ട്. എത്ര തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികൾ ഏറ്റാലും ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ കോൺഗ്രസ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലയെ അപലപിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പിനെ കുറിച്ച് മാത്രം പോസ്റ്റിട്ടത് ഏറെ അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടിത്തട്ടിലെ പാർട്ടി പ്രവർത്തനങ്ങൾക്കായി ആയിരം കേഡർമാരെ യൂത്ത് കോൺഗ്രസ് കെപിസിസിക്ക് നൽകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
‘തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല ‘ എന്ന സന്ദേശത്തോടെ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഇന്ത്യ യുനൈറ്റഡ് ക്യാംപെയ്ന്റ ഭാഗമായി ജില്ലയിൽ ഒക്ടോബർ 30ന് നിയോജകമണ്ഡലം തലങ്ങളിൽ ഇന്ദിരാഗാന്ധി സ്മൃതി സദസ്സുകൾ നടത്തും. നവംബർ 6ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്രകൾ നടത്തും. 14ന് ജില്ലാ പദയാത്രയും പൊതു സമ്മേളനവും നടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ എസ് ശബരീനാഥൻ, റിജുൽ മാക്കുറ്റി, ഭാരവാഹികളായ രാഹുൽ മാങ്കൂട്ടത്തിൽ, എം ധനീഷ് ലാൽ, വി പി ദുൽഖിഫിൽ, കമൽ ജിത്ത്,
ബവിത്ത് മാലോൽ, വി ടി നിഹാൽ, അജയ്ബോസ്, ഇ കെ ശീതൾ രാജ് സംസാരിച്ചു.