Friday, July 12, 2024
Art & CultureLatest

കോഴിക്കോട് നഗരത്തിന്റെ വാസ്തു വിദ്യ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ച് വൈഎഫിന് തുടക്കം


കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വാസ്തു വിദ്യ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ച് യംഗ് ആര്‍ക്കിടെക്റ്റ് ഫെസ്റ്റിവെലിനും ക്രോസ് റോഡ്‌സിനും കോഴിക്കോട് തുടക്കം. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഐ) ദേശീയ പ്രസിഡന്റ് സി.ആര്‍ രാജു ഭദ്രദീപം കൊളുത്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. റീവീവ് കോഴിക്കോട് ഡിസൈന്‍ മത്സരത്തില്‍ ലഭിച്ച 50 എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുത്ത 9 എണ്ണം ഫെസ്റ്റില്‍ അവതരിപ്പിച്ചു.


കോംട്രസ്റ്റ് സമുച്ചയത്തെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് കോഴിക്കോട് നഗരത്തെ ജീവസുറ്റതാക്കുന്ന ആശയമാണ് ഒമ്പത് പേരും തങ്ങളുടെ ഡിസൈലൂടെ മുന്നോട്ടു വച്ചത്. ് ചരിത്രപരമായ ഘടനയെ പരമാവധി പ്രയോജനപ്പെടുത്തുക, കെട്ടിടത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്നത് കുറയ്ക്കുക, ഫുഡ് ഹാള്‍, കോംട്രസ്റ്റിന്റെയും നഗരത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള മ്യൂസിയം, കോ-വര്‍ക്കിംഗ് സ്‌പേസ് എന്നിവ സജ്ജീകരിച്ച് സമുച്ചയത്തിലേക്ക് പരമാവധി സന്ദര്‍ശകരെ കൊണ്ടു വരിക, അര്‍ബന്‍ പ്ലാസ, സ്പിന്നിംഗ് വീലുകളുടെ പ്രദര്‍ശനം, കരകൗശലത്തൊഴിലാളികള്‍ക്കുള്ള ജോലിസ്ഥലം, അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില്‍പ്പനശാല, കഫേകള്‍, നാടന്‍ ചായക്കടകള്‍, സന്ദര്‍ശകര്‍ക്കായി ഇരിക്കാന്‍ പൊതു ഇടം. , എസ്എം സ്ട്രീറ്റുമായുള്ള കണക്റ്റിവിറ്റി, മാനാഞ്ചിറയ്ക്കു ചുറ്റുമായി നടപ്പാത, പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന നാലേക്കര്‍ മരങ്ങള്‍ നട്ട് ഹരിതാഭമാക്കുക, കെട്ടിടങ്ങള്‍ക്ക് സമാനമായ വാസ്തുവിദ്യാ സൗന്ദര്യം ഉറപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മത്സരത്തില്‍ പങ്കെടുത്ത ആര്‍ക്കിടെക്റ്റുകള്‍ മുന്നോട്ടു വച്ചത്.

നഗര ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വാസ്തു വിദ്യാവിദഗ്ധരുടെ സഹായത്തോടെ കോംട്രസ്റ്റ് പോലുള്ള പൈതൃക സ്വത്തുക്കളെ വീണ്ടെടുക്കുകയാണ് വേണ്ടതെന്ന് പ്രമുഖ ദക്ഷിണാഫ്രിക്കന്‍ വാസ്തുശില്പിയായ പീറ്റര്‍ റിച്ച് പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും ഒരു പോലെ ഗുണകരമായിരിക്കണം ഇത്തരം പദ്ധതികള്‍. നാശോന്മുഖമാകുന്ന പൊതു ഇടങ്ങള്‍ രാഷ്ട്രീയ ഇടങ്ങള്‍ കൂടയാണെന്ന് ആര്‍ക്കിടെക്റ്റ് കെ.ടി. രവീന്ദ്രന്‍ പറഞ്ഞു. ഇത്തരം പദ്ധതികള്‍ ഒരിക്കലും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാവരുത്. അനാവശ്യ നിര്‍മാണങ്ങള്‍ ഒഴിവാക്കി പരമാവധി പച്ചപ്പ് നിലനിര്‍ത്തിക്കൊണ്ടായിരിക്കണം നിര്‍മാണം. പച്ചപ്പ് നിറഞ്ഞ നഗരഹൃദയങ്ങാണ് നമുക്ക് വേണ്ടതെന്നും രവീന്ദ്രന്‍ പറഞ്ഞു.

നഷ്ടമാകുന്ന പൈതൃകത്തെ വീണ്ടെടുക്കാനുള്ള അവസരമാണ് റീവീവ്് കോഴിക്കോട്് വഴി സാധ്യമാകുന്നതെന്ന് ആര്‍ക്കിടെക്റ്റ് സൗമിത്രോ ഘോഷ് പറഞ്ഞു. സമൂഹത്തിന്റെ വിശാലമായ കാഴ്ച്ചപ്പാടു കൂടി ഇത്തരം ഉദ്യമങ്ങളില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. നിര്‍മാണാത്മകമായ സമീപനമാണ് ഇത്തരം പുനരുജ്ജീവന പദ്ധതിയില്‍ കൈക്കൊള്ളേണ്ടതെന്നും സൗമിത്രോഘോഷ് പറഞ്ഞു. തുടര്‍ന്ന് കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയെ സംരക്ഷിച്ചു കൊണ്ട് എങ്ങിനെ കോഴിക്കോട് നഗര ഹൃദയം അഴകുറ്റതാക്കാം എന്ന വിഷയത്തില്‍ എം.കെ. മുനീര്‍ എംഎല്‍എ ,ജില്ലാ കളക്ടര്‍ ടി.എല്‍. റെഡ്ഡി, എ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ എന്‍.എം. സലീമിനെ ചടങ്ങില്‍ ആദരിച്ചു.


Reporter
the authorReporter

Leave a Reply