കോഴിക്കോട്:തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ ബിജെപി പ്രതിഷേധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അരയിടത്ത് പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കമ്മീഷണർ ഓഫീസ് പരിസരത്ത് സമാപിച്ചു.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് അഴിമതിരാജ് ആണെന്നും സിപിഎം ഭരിക്കുന്ന പഞ്ചായത്തുകള്‍ മുതല്‍ സംസ്ഥാനതലംവരെയുളള എല്ലായിടത്തും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടുള്ള കൊടിയ നിയമന അഴിമതികളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഉദ്യോഗാര്‍ത്ഥികളെ ബാധിക്കുന്ന ഗുരുതരമായ നിയമന അഴിമതിക്ക് ഔദ്യോഗികമായി കത്തെഴുതിയ തിരുവനന്തപുരം മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡണ്ടിന് നേരെയാണ് പൊലീസ് ടിയർഗ്യാസ്, ഗ്രനൈഡ് പ്രയോഗം നടത്തിയത്.പോലീസുദ്യോഗസ്ഥര്‍ ആയുധം പ്രയോഗിക്കുമ്പോള്‍ മുളളുന്നവരല്ല ബിജെപിക്കാര്‍ എന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയാല്‍ നല്ലതാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുന്നത് എന്തും ചെയ്യാനുളള ലൈസന്‍സല്ലെന്നും അഴിമതി സാമാന്യവത്കരിക്കാനുളള നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും വി.കെ.സജീവൻ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ. പ്രശാന്ത് കുമാർ, എം. മോഹനൻ,മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി. രനീഷ്, സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂർ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് ജുബിൻ ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ സി.പി. വിജയകൃഷ്ണൻ, പി.സി. അഭിലാഷ്, കെ. ഷൈബു,കൗണ്‍സിലര്‍ സിഎസ് സത്യഭാമ എന്നിവര്‍ നേതൃത്വം നൽകി