GeneralLatest

വഖഫ് നിയമന വിവാദം: സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു


വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത്​ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി  ചൊവ്വാഴ്ച ചർച്ച നടത്തും. സമസ്തയെ പ്രതിനിധാനം ചെയ്​​ത്​ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാരുടെ നേതൃത്വത്തിൽ ആദൃശ്ശേരി ഹംസക്കുട്ടി മുസ്​ലിയാർ, കെ. മോയിൻകുട്ടി മാസ്​റ്റർ, അബ്​ദുസ്സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ ചർച്ചയ്ക്ക് എത്തും.

ഈ മാസം 9ന് മുസ്ലീം ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനം നടക്കാനിരിക്കെയാണ് ചർച്ച നടത്തുന്നതിനായി സമസ്​ത നേതാക്കൾക്ക്​ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം. ഏഴിന് കോഓഡിനേഷൻ കമ്മിറ്റിയുടെ പഞ്ചായത്ത് തല പ്രതിഷേധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധം ഉയർത്തിയ ലീഗ് ഉൾപ്പെടെയുള്ള സംഘടനകളെയൊന്നും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.

വഖഫ് ബോർഡ് നിയമനം സംബന്ധിച്ച് മുസ്ലീം സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളിൽ നടത്താൻ തീരുമാനിച്ച ബോധവത്കരണ പരിപാടിയിൽനിന്ന് സമസ്ത പിന്മാറുകയായിരുന്നു. മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതിനാലാണ് പിൻമാറ്റമെന്ന് സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ പി എസ് സിക്ക് നിയമനം വിടുന്ന കാര്യത്തിൽ എതിർപ്പ് തുടരുകയാണെന്നും സമസ്ത പ്രസ്താവനയിൽ പറഞ്ഞു.

വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി സംബന്ധിച്ച് മന്ത്രി വി.അബ്ദുറഹ്മാൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്നും കൂടുതൽ ചർച്ചകൾ നടത്തി സമവായമുണ്ടാക്കണമെന്നും ചർച്ചയിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപെട്ടിരുന്നു


Reporter
the authorReporter

Leave a Reply