Wednesday, January 22, 2025
GeneralHealth

ഉറക്ക ഗുളികയിൽ ഉപയോഗിക്കുന്ന രാസവസ്തു ചേർത്ത ഭക്ഷ്യ ഉൽപന്നം അപകടകരമെങ്കിൽ നിരോധിക്കണം ; മനുഷ്യാവകാശ കമ്മീഷൻ


പാലക്കാട്: ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന മെലറ്റോമിൻ എന്ന രാസവസ്തു അടങ്ങിയ ZZZQUIL എന്ന ഭക്ഷ്യ വസ്തു ആരോഗ്യത്തിന് അപകടകരമാണെന്ന് വ്യക്തമായാൽ അതിന്റെ വിതരണം സംസ്ഥാനത്ത് നിരോധിക്കുന്നതിനും ഇക്കാര്യം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ അറിയിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു മാസത്തിനുള്ളിൽ ഭക്ഷ്യ വസ്തുവിന്റെ പരിശോധനാഫലം ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

മെഡിക്കൽ സ്റ്റോറുകളിൽ നിന്നും നിയന്ത്രണ വിധേയമായി ലഭിക്കുന്ന ഉറക്കഗുളികകൾ യാതൊരു നിയന്ത്രണവുമില്ലാതെ പൊതുവിപണിയിൽ ലഭിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നാണ് പരാതി.ഡ്രഗ്സ് കൺട്രോളറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എഫ്.എസ്.എസ്.എ.ഐ ലൈസൻസ് പ്രകാരം മെഡിക്കൽ ഉപയോഗത്തിനല്ല എന്ന ലേബലിലാണ് തെലുങ്കാനയിൽ നിന്നും ZZZQUIL എന്ന ഭക്ഷ്യ വസ്തു സംസ്ഥാനത്ത് വിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് നിയമ പ്രകാരം ഇത് ഡ്രഗ്സ് കൺട്രോളറുടെ പരിധിയിൽ വരുന്നതല്ലെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരന് ആവശ്യമെങ്കിൽ തെലുങ്കാന ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ സമീപിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതീവ ഗൌരവമുള്ള ഇത്തരം മരുന്നുകൾ പൊതുവിപണിയിൽ ലഭ്യമായാൽ കുട്ടികളടക്കമുള്ള പുതുതലമുറയിൽ ഇതിന്റെ ഉപയോഗം വ്യാപകമാവുമെന്നും പരാതിക്കാരൻ അറിയിച്ചു. കഞ്ചിക്കോട് നരസിംഹപുരം സ്വദേശി മനോഹരൻ ഇരിങ്ങൽ സമർപ്പിച്ച പരാതിയിലാണ് നടപടി.


Reporter
the authorReporter

Leave a Reply